Top

‘കേരളീയര്‍ക്ക് മനസിലാകും’; സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തേക്കുറിച്ച് യെച്ചൂരി

‘കേരളീയരെ വില കുറച്ച് കാണരുത്. ബിജെപിയുടെ ഭീഷണി അവര്‍ തിരിച്ചറിയുന്നുണ്ട്.’

31 Oct 2020 9:37 AM GMT

‘കേരളീയര്‍ക്ക് മനസിലാകും’; സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തേക്കുറിച്ച് യെച്ചൂരി
X

കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തേക്കുറിച്ച് വിശദീകരണവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം-കോണ്‍ഗ്രസ് സഖ്യം കേരളീയര്‍ക്ക് മനസിലാകുമെന്ന് യെച്ചൂരി പറഞ്ഞു.

കേരളീയരെ വില കുറച്ച് കാണരുത്. ബിജെപിയുടെ ഭീഷണി അവര്‍ തിരിച്ചറിയുന്നുണ്ട്.

സീതാറാം യെച്ചൂരി

കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. ബംഗാളില്‍ ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതനിരപേക്ഷ കക്ഷികളുമായി പാര്‍ട്ടിയും ഇടതുമുന്നണിയും തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും. ഈ ധാരണ എങ്ങനെ നടപ്പിലാക്കണമെന്നത് ഇടതുമുന്നണി ആലോചിച്ച് തീരുമാനിക്കും. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായിട്ടാകും മത്സരിക്കുക. അസമില്‍ വര്‍ഗീയ ധ്രൂവീകരണം ശക്തിപ്പെടുത്തി മതസൗഹാര്‍ദ്ദം തകര്‍ക്കുകയാണ് ബിജെപി. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി സഹകരിച്ചാകും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും യെച്ചൂരി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സിപിഐഎം തീരുമാനത്തില്‍ കടുത്ത എതിര്‍പ്പുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ വിഷയം വോട്ടിനിട്ടപ്പോള്‍ ഒരു വിഭാഗം കടുത്ത എതിര്‍പ്പ് അറിയിക്കുകയായിരുന്നു.

എട്ട് അംഗങ്ങള്‍ വിട്ടു നിന്നു. എന്നാല്‍ ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ല.

അതേസമയം കേരളത്തിലെ അംഗങ്ങള്‍ സഖ്യത്തെ അനുകൂലിക്കുകയായിരുന്നു. നേരത്തെ സിപിഐഎം കേരളഘടകം കോണ്‍ഗ്രസുമായുള്ള സിപിഐഎം സഖ്യത്തില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നായിരുന്നു ഞായറാഴ്ച്ച ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തിലെ തീരുമാനം.

ഒടുവില്‍ പശ്ചിമ ബംഗാള്‍, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കാന്‍ കേന്ദ്രനേതൃത്വം അനുമതി നല്‍കി. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റ് വീതം വെക്കാനും തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിനൊപ്പം തുടരാനുമാണ് തീരുമാനം. അസമിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സീറ്റ് ധാരണയുണ്ടാക്കും.

Next Story