Top

ടിടിഇ ചമഞ്ഞ് യാത്രക്കാരില്‍ നിന്ന് പിഴ, എസി കോച്ചില്‍ വിശ്രമിക്കുന്നതിനിടെ കാറ്ററിങ് ജീവനക്കാരന്‍ അറസ്റ്റില്‍

ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം ഫൈസല്‍ എസി കോച്ചില്‍ കയറി വിശ്രമിക്കുന്നതിനിടയിലാണ് യഥാര്‍ത്ഥ ടിടിഇയുടെ പിടിയിലാകുന്നത്

18 March 2023 10:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടിടിഇ ചമഞ്ഞ് യാത്രക്കാരില്‍ നിന്ന് പിഴ, എസി കോച്ചില്‍ വിശ്രമിക്കുന്നതിനിടെ കാറ്ററിങ് ജീവനക്കാരന്‍ അറസ്റ്റില്‍
X

കൊച്ചി: വ്യാജ ടിടിഇ ചമഞ്ഞ് യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കിയ റെയില്‍വേ കാറ്ററിങ് ജീവനക്കാരന്‍ അറസ്റ്റില്‍. കൊയിലാണ്ടി മൂടാടി സ്വദേശി ഫൈസലാണ് പിടിയിലായത്. മദ്യ ലഹരിയിലായിരുന്ന ഇയാള്‍ എസി കോച്ചില്‍ വിശ്രമിക്കുമ്പോഴാണ് യഥാര്‍ത്ഥ ടിടിഇ ഗിരീഷിന്റെ പിടിയിലാകുന്നത്. തുടര്‍ന്ന് ഇയാളെ റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.

മലബാര്‍ എക്‌സ്പ്രസില്‍ തൃശൂരിനും ആലുവയ്ക്കും ഇടയില്‍ വെച്ചാണ് ടിടിഇ ചമഞ്ഞ് ഫൈസല്‍ യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കുന്നത്. തിരുവനന്തപുരം ഡിവിഷന്‍ കാറ്ററിങ് സര്‍വീസിന്റെ ടാഗ് ധരിച്ച ഇയാള്‍ സ്ലീപ്പര്‍ കോച്ചില്‍ കയറുകയും ടിടിഇ ചമഞ്ഞ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുകയും ചെയ്തു. റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്ത മൂന്ന് പേരെ ഇയാള്‍ പിടികൂടുകയും ഇവരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കുകയും ചെയ്തു. രസീത് നല്‍കുന്നതിന് പകരം അവരുടെ ടിക്കറ്റുകളില്‍ തുക എഴുതി ഒപ്പിട്ടു നല്‍കുകയായിരുന്നു.

ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം ഫൈസല്‍ എസി കോച്ചില്‍ കയറി വിശ്രമിക്കുന്നതിനിടയിലാണ് യഥാര്‍ത്ഥ ടിടിഇയുടെ പിടിയിലാകുന്നത്. ഇതോടെ പിഴ ഈടാക്കിയ കാര്യം മറ്റ് യാത്രക്കാര്‍ ടിടിഇയെ അറിയിച്ചു. യാത്രക്കാരുടെ സഹായത്തോടെയാണ് പ്രതിയെ റെയില്‍വേ പൊലീസില്‍ ഏല്‍പ്പിക്കുന്നത്. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി റെയില്‍വേ പൊലീസ് അറിയിച്ചു. ഇതിന് മുന്‍പ് ഇയാള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ പൊലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു.

STORY HIGHLIGHTS: youth impersonates as tte collects fine from passengers on malabar express

Next Story