Top

'ചോദ്യം ചെയ്താല്‍ മര്‍ദനം'; വഴി തടസപ്പെടുത്തിയും സര്‍ക്കാര്‍ ഓഫീസിലും ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

ഇതിനിടെ നടന്‍ ജോജു ജോര്‍ജിനെതിരെ മുസ്ലീം ലീഗ് രംഗത്തെത്തി.

8 Nov 2021 2:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചോദ്യം ചെയ്താല്‍ മര്‍ദനം; വഴി തടസപ്പെടുത്തിയും സര്‍ക്കാര്‍ ഓഫീസിലും ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്
X

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും ഗതാഗതം തടഞ്ഞും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്.

ലൊക്കേഷനുകളില്‍ ഗുണ്ടകളെ അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നത്. ഇവര്‍ ജനങ്ങളെ ആട്ടിയകറ്റുകയാണ്. ചോദ്യം ചെയ്താല്‍ മര്‍ദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യവുമുണ്ട്. ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചു. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രചാരണവും പ്രക്ഷോഭവും ആരംഭിക്കുമെന്നും ടിറ്റോ ആന്റണി പറഞ്ഞു.

ഇതിനിടെ നടന്‍ ജോജു ജോര്‍ജിനെതിരെ മുസ്ലീം ലീഗ് രംഗത്തെത്തി. ജോജുവിന്റെ പ്രതിഷേധം ശരിയായില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് സമരം ചെയ്തതെന്നും യാത്ര തടസപ്പെടുന്നത് സഹിക്കാവുന്നതേയുള്ളൂയെന്നും സലാം പറഞ്ഞു.

പിഎംഎ സലാം പറഞ്ഞത്: ''ജോജുവിന്റെ തടയല്‍ നടപടി സിപിഐഎം സമരത്തില്‍ ആയിരുന്നെങ്കില്‍ ഇങ്ങനെയൊന്നുമായിരിക്കില്ല അവസാനം. പലതും നമ്മള്‍ കണ്ടതാണ്. ജോജു അടക്കമുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ് സമരം നടത്തുന്നത്. പത്തോ പതിനഞ്ചോ മിനുട്ട് യാത്ര തടസപ്പെടുന്നത് സഹിക്കാവുന്നതേയുള്ളൂ.''

അതേസമയം, സമരത്തിനിടെ ജോജു ജോര്‍ജിന്റെ വാഹന തകര്‍ത്ത കേസില്‍ അറസ്റ്റിലായ ടോണി ചമ്മിണി അടക്കമുള്ള നാല് കോണ്‍ഗ്രസ് നേതാക്കളെ റിമാന്‍ഡ് ചെയ്തു. എറണാകുളം ജെഎഫ്എം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇന്ന് വൈകുന്നേരമാണ് ടോണിയും സംഘവും മരട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ടോണിക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെര്‍ജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കല്‍ എന്നിവരാണ് കീഴടങ്ങിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി.ജി ജോസഫിനെയും ഷരീഫ് വാഴക്കാലയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Next Story

Popular Stories