Top

സമരത്തിന് ആഹ്വാനം ചെയ്ത ശേഷം ഷാഫിയും രാഹുലും ഖത്തറില്‍, പ്രവര്‍ത്തകര്‍ ജയിലില്‍; തിരിഞ്ഞുനോക്കുന്നില്ലെന്ന് വിമര്‍ശനങ്ങള്‍

അറസ്റ്റ് നടന്നാല്‍ പെരുവഴിയിലാക്കി പോകുന്നതാണ് ഷാഫി അടക്കമുള്ള നേതാക്കളുടെ പതിവെന്നും ചിലര്‍ വിമര്‍ശിച്ചു.

24 Nov 2022 7:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമരത്തിന് ആഹ്വാനം ചെയ്ത ശേഷം ഷാഫിയും രാഹുലും ഖത്തറില്‍, പ്രവര്‍ത്തകര്‍ ജയിലില്‍; തിരിഞ്ഞുനോക്കുന്നില്ലെന്ന് വിമര്‍ശനങ്ങള്‍
X

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ സമരത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ ലോകകപ്പ് കാണാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ പാര്‍ട്ടി ഔദ്യോഗിക ഗ്രൂപ്പുകളില്‍ വ്യാപകവിമര്‍ശനങ്ങള്‍. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഗ്രൂപ്പിലും ഇരുവര്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്.


സാധാരണ പ്രവര്‍ത്തകരെയും നേതാക്കളെയും സമരത്തിനിറക്കി വിട്ട ശേഷം ഷാഫിയും രാഹുലും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് ഗ്രൂപ്പിലെ വിമര്‍ശനങ്ങള്‍. സമരത്തില്‍ പങ്കെടുത്ത് 16 ദിവസം ജയിലിലായിരുന്ന കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. പതിനേഴാം തീയതി ഷാഫി പറമ്പില്‍ തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ സമരം ഉദ്ഘാടനം ചെയ്ത ദിവസവും ഇവര്‍ പൂജപ്പുര ജയിലിലായിരുന്നു. അവരെ ഒന്ന് കാണുവാനോ ആശ്വസിപ്പിക്കുവാനോ ഷാഫിക്ക് സമയമുണ്ടായിരുന്നില്ലെന്ന് ഭാരവാഹികള്‍ വിമര്‍ശനം ഉന്നയിച്ചു. പ്രവര്‍ത്തകരെ ആവേശത്തിലാക്കി സമരത്തിനും പ്രതിഷേധത്തിനും ആഹ്വാനം ചെയ്ത ശേഷം, അറസ്റ്റ് നടന്നാല്‍ പെരുവഴിയിലാക്കി പോകുന്നതാണ് ഷാഫി അടക്കമുള്ള നേതാക്കളുടെ പതിവെന്നും ചിലര്‍ വിമര്‍ശിച്ചു.

ഷോ പൊളിറ്റിക്‌സും, സെലിബ്രിറ്റി പൊളിറ്റിക്‌സും സമയം തീരെ ഇല്ലാത്തതുമായ നേതാക്കളെ വേണ്ടെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. സമരത്തെ കുറിച്ച് പരാമര്‍ശം നടത്താത്ത നേതാക്കള്‍ ലോകകപ്പിനെ കുറിച്ച് അങ്ങോട്ടുമിങ്ങോട്ടും ട്രോളി ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നും ഇത് തിരുവനന്തപുരത്തെ പ്രവര്‍ത്തകരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും വിമര്‍ശനമുണ്ട്. ഗ്രൂപ്പിലെ ചര്‍ച്ചകളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.




Next Story