അനില്‍ ആന്റണിയുടെ പരാമര്‍ശം ഏറ്റെടുത്ത് ബിജെപി; അനിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍
ആന്റണിയുടെ മകനുള്ള വിവേകബുദ്ധി പോലും രാഹുല്‍ ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോണ്‍ഗ്രസ്സിന്റെ വര്‍ത്തമാന ദുരവസ്ഥയെന്ന് ബിജെപി.
24 Jan 2023 12:56 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഇന്ത്യയിലുള്ളവര്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമായ കീഴ്വഴക്കമാണെന്ന് എകെ ആന്റണിയുടെ മകനായ അനില്‍ ആന്റണിയുടെ ട്വീറ്റ് ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അനിലിന്റെ വിവേകബുദ്ധി പോലും രാഹുല്‍ ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോണ്‍ഗ്രസിന്റെ ദുരവസ്ഥ. എത്ര വേഗമാണ് പ്രതിപക്ഷം മോദി വിരുദ്ധതയുടെ പേരില്‍ ഇന്ത്യാ വിരുദ്ധമാവുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
''എ.കെ ആന്റണിയുടെ മകനുള്ള വിവേകബുദ്ധി പോലും രാഹുല്‍ ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോണ്‍ഗ്രസ്സിന്റെ വര്‍ത്തമാന ദുരവസ്ഥ. എത്രവേഗമാണ് പ്രതിപക്ഷം മോദിവിരുദ്ധതയുടെ പേരില്‍ ഇന്ത്യാവിരുദ്ധമാവുന്നത് എന്ന് തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനതയ്ക്ക് അഞ്ഞൂറു കിലോമീറ്റര്‍ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ല. പിന്നെ സി. പി. എമ്മിനും കമ്പനിക്കും ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്യാന്‍ വീണ്ടുമൊരവസരം കൂടി ലഭിച്ചു എന്നതിലുള്ള ചാരിതാര്‍ത്ഥ്യവും. ജന്മനാ ഇന്ത്യാവിരുദ്ധരായ അഞ്ചാംപത്തികള്‍.''-സുരേന്ദ്രന് പറഞ്ഞു.
അനിലിന്റെ വിമര്‍ശനം ഏറ്റെടുത്ത് ബിജെപി നേതാവായ പി കെ കൃഷ്ണദാസും രംഗത്തെത്തി. മകന് മരിച്ചാലും മരുമകളുടെ കണ്ണീര് കണ്ടാല്‍ മതിയെന്ന ന്യായമാണ് സിപിഐഎമ്മിനും കോണ്‍ഗ്രസിനുമുള്ളതെന്ന് കൃഷ്ണദാസ് പറഞ്ഞു. ദേശീയ ബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത കോണ്‍ഗ്രസും സിപിഐഎമ്മും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം പ്രമേയമാക്കിയ സിനിമയ്ക്ക് എന്തു സംഭവിച്ചുവെന്ന് മാത്രം അന്വേഷിച്ചാല്‍ മതി സിപിഐഎമ്മിന്റെ ആവിഷ്കാര സ്വാതന്ത്ര്യം മനസിലാക്കാന്‍. രാജ്യത്തൊരിടത്തും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലാത്തതാണ് ബിബിസിയുടെ ഈ ഡോക്യുമെന്ററിയെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
അതേസമയം, പരാമര്‍ശത്തില്‍ അനിലിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്നും അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. അനില്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടി നിലപാട് സോണിയാ ഗാന്ധിയും രാഹുലും പറഞ്ഞതാണെന്ന് റിജില്‍ മാക്കൂറ്റി പ്രതികരിച്ചു.