'അന്ന് ആര്‍എസ്എസിനെ സംരക്ഷിച്ചത് സുധാകരന്റെ കഴിവ്'; ഗുണ്ടായിസമെന്ന് വിളിച്ചാല്‍ പുതുതലമുറ ആവേശമായി സ്വീകരിക്കുമെന്ന് നുസൂര്‍
''സുധാകരന്റെ സഹായം വേണ്ടി വന്നു എന്നുപറയുമ്പോള്‍ എന്തായിരുന്നു അദ്ദേഹത്തിന്റെ കഴിവെന്ന് ഊഹിക്കണം.''
10 Nov 2022 11:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്എസ് ശാഖ സംരക്ഷണം പരാമര്‍ശത്തെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍എസ് നുസൂര്‍. സുധാകരന് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും മനസില്‍ ഒന്ന് വച്ച് മറ്റൊന്ന് പറയാന്‍ അദ്ദേഹത്തിന് അറിയില്ലെന്നും നുസൂര്‍ പറഞ്ഞു. ആര്‍എസ്എസിന് സുധാകരന്റെ സഹായം വേണ്ടി വന്നെങ്കില്‍ എന്തായിരുന്നു അദ്ദേഹത്തിന്റെ കഴിവെന്ന് ഊഹിക്കണം. ആര്‍എസ്എസ് ശാഖ സംരക്ഷണത്തെ ഗുണ്ടായിസം എന്ന് വിളിച്ചാല്‍ അതിനെ പുതുതലമുറ ആവേശമായി സ്വീകരിക്കുമെന്നും നുസൂര്‍ അവകാശപ്പെട്ടു.
''സുധാകരന് ബിജെപിയില്‍ പോകും എന്നാണ് സഖാക്കളുടെ കവല പ്രസംഗം. അദ്ദേഹം വ്യക്തതയോടെയാണ് അന്ന് മാധ്യമ സുഹൃത്തുക്കളോട് പറഞ്ഞത്. 'ഞാന്‍ എന്ത് തീരുമാനിക്കണം എന്നത് എന്റെ അവകാശമാണ്'. അങ്ങനെ പറയാന്‍ ചിലപ്പോള്‍ സിപിഎം നേതാക്കള്‍ക്ക് കഴിയില്ല.' നുസൂർ പറഞ്ഞു.
എന്‍എസ് നുസൂര്‍ പറഞ്ഞത്: ഇതാണ് കെ സുധാകരന്...മനസ്സില്‍ ഒന്ന് വച്ച് മറ്റൊന്ന് പറയാന്‍ അദ്ദേഹത്തിന് അറിയില്ല..അദ്ദേഹം പറഞ്ഞതില്‍ എന്താ തെറ്റ്. കണ്ണൂരിലെ സഹപ്രവര്‍ത്തകരുടെ കുടുംബങ്ങളുടെ കണ്ണീരുകണ്ട് വളര്‍ന്ന നേതാവാണ് അദ്ദേഹം. കൂടപ്പിറപ്പുകളെപ്പോലെ സ്നേഹിച്ചവരെ കൊന്നൊടുക്കിയവരോട് സന്ധിചെയ്യാത്ത അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഞങ്ങള്‍ അദ്ദേഹത്തില്‍ മാത്രമേ കണ്ടിട്ടുള്ളൂ. മനുഷ്യരക്തത്തിന്റെ ഗന്ധത്തിനെ അത്തറിന്റെ സുഗന്ധമായി കാണുന്ന കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ നിരോധിക്കപ്പെടാത്ത RSS ശാഖകളുടെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരു കാലത്ത് (ആദ്ദേഹം സംഘടന കോണ്‍ഗ്രസ്സില്‍ ആയിരുന്ന കാലഘട്ടത്തില്‍) സുധാകരന്റെ സഹായം വേണ്ടി വന്നു എന്നുപറയുമ്പോള്‍ എന്തായിരുന്നു അദ്ദേഹത്തിന്റെ കഴിവെന്ന് ഊഹിക്കണം. അതിനെ നിങ്ങള്‍ ഗുണ്ടായിസം എന്ന് വിളിച്ചാല്‍ അത് ആവേശമായി പുതുതലമുറ സ്വീകരിക്കും.
അതിപ്പോള്‍ സാന്ദര്‍ഭികമായി തുറന്നുപറഞ്ഞ അദ്ദേഹത്തിന്റെ മനസ്സും ഞങ്ങള്‍ക്ക് തെറ്റാണെന്ന് തോന്നുന്നില്ല. എന്തായാലും അദ്ദേഹമോ കോണ്‍ഗ്രസ് പാര്‍ട്ടിയോ ഒരു കാലഘട്ടത്തിലും ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയിട്ടില്ല എന്ന വസ്തുത മറന്നുപോകരുത്. സുധാകരനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്ന സിപിഎം തന്ത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് എന്നത് കേരളീയര്‍ക്ക് അറിയാം. സുധാകരന് ബിജെപിയില്‍ പോകും എന്നാണ് സഖാക്കളുടെ കവല പ്രസംഗം. അദ്ദേഹം വ്യക്തതയോടെയാണ് അന്ന് മാധ്യമ സുഹൃത്തുക്കളോട് പറഞ്ഞത്. 'ഞാന്‍ എന്ത് തീരുമാനിക്കണം എന്നത് എന്റെ അവകാശമാണ്'. അങ്ങനെ പറയാന്‍ ചിലപ്പോള്‍ സിപിഎം നേതാക്കള്‍ക്ക് കഴിയില്ല.
ആരുടെയെങ്കിലും ചൊല്പടിക്ക് നില്‍ക്കേണ്ടി വരുന്ന ഒരാള്‍ക്കും അത് കഴിയുകയുമില്ല. പക്ഷെ വ്യക്തിത്വം ഉള്ള ഒരു മനുഷ്യന് അത് കഴിയും. അതാണ് സുധാകരന്. അതുകൊണ്ടാണ് പാര്‍ട്ടി അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കൊണ്ട് വന്നതും. ചില പോരായ്മകള്‍ എല്ലാ പ്രസ്ഥാനങ്ങളെയും പോലെ കോണ്‍ഗ്രസ്സിനും ഉണ്ട്. അത് പരിഹരിക്കാന്‍ ആദ്ദേഹത്തിന് കഴിയും. അത് കൂടി കഴിഞ്ഞാല്‍ ഉണ്ടാകുന്ന മാറ്റം ശത്രുക്കള്‍ ഇന്നേ മുന്നില്‍ കാണുന്നു എന്നതിന്റെ തെളിവാണ് ഈ വേട്ടയാടലുകള്‍. 'വേട്ടയാടാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ പ്രതിരോധിക്കാനാണ് ഞങ്ങളുടെ തീരുമാനം.'
അതേസമയം, ആര്‍എസ്എസ് ശാഖ സംരക്ഷണം പരാമര്‍ശത്തിനെതിരെ ലീഗ് നേതാക്കള്‍ രംഗത്തെത്തി. 'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആര്എസ്എസുകാരന് വെടിയുതിര്‍ത്തിട്ടാണെന്നും അബ്ദു റബ്ബ് സുധാകരനോടുള്ള മറുപടിയായി പറഞ്ഞു. സുധാകരന്റെ പേര് പരാമര്‍ശിക്കാതെയാണ് അബ്ദു റബ്ബിന്റെ വിമര്‍ശനം. ആര്‍എസ്എസ് എന്നെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ക്ക് വില കല്‍പ്പിച്ചിട്ടുണ്ടോയെന്നാണ് അബ്ദു റബ്ബ് ചോദിച്ചു. ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും ഉന്മൂലനം ചെയ്യാന്‍ പദ്ധതിയിടുകയും ചെയ്യുന്ന ആര്‍എസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആര്‍ക്കാണെന്ന് ചോദിച്ച റബ്ബ് ആര്‍എസ്എസ് അന്നും ഇന്നും ആര്‍എസ്എസ് തന്നെയാണെന്നും ചൂണ്ടിക്കാണിച്ചു.
വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണമായിരുന്നുവെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു. കെ സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സുധാകരനും കോണ്‍ഗ്രസുമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ചിട്ടുണ്ടെന്ന കെപിസിസി അധ്യക്ഷന്റെ പരാമര്‍ശമാണ് വിവാദമായത്. സംഘടന കെഎസ്യുവില് പ്രവര്‍ത്തിക്കുന്ന കാലത്തായിരുന്നു സംഭവം. എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചിരുന്നു. അന്ന് ശാഖക്ക് ആളെ അയച്ചു സംരക്ഷണം നല്‍കിയെന്നാണ് പരാമര്‍ശം. കണ്ണൂരില്‍ എംവിആര്‍ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ പരാമര്‍ശം.