Top

'മൊഴി നല്‍കരുത്, എന്ത് വേണമെങ്കിലും ചെയ്യാം'; 'കെഎസി'ന് വേണ്ടി എബിന്‍ പരാതിക്കാരോട് പറഞ്ഞത്

കെ സുധാകരനുമായി ഏറ്റവും അടുത്തബന്ധമുള്ള വ്യക്തി കൂടിയാണ് എബിന്‍.

13 Nov 2021 3:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൊഴി നല്‍കരുത്, എന്ത് വേണമെങ്കിലും ചെയ്യാം; കെഎസിന് വേണ്ടി എബിന്‍ പരാതിക്കാരോട് പറഞ്ഞത്
X

മോന്‍സണ്‍ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മൊഴി നല്‍കാതിരുന്നാല്‍ എന്തുവേണമെങ്കിലും ചെയ്യാമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ പറഞ്ഞതെന്ന് പരാതിക്കാരായ ഷെമീറും അനൂപും. കെഎസ് എന്നാണ് സുധാകരനെ എബിന്‍ പരാതിക്കാര്‍ക്ക് മുന്നില്‍ വിശേഷിപ്പിച്ചത്. 'സുധാകരനെതിരെ മൊഴി നല്‍കരുത്, പരാതിയില്‍ നിന്ന് പിന്‍മാറണം, എന്ത് വേണമെങ്കിലും ചെയ്തുതരാമെന്ന് കെഎസ് പറഞ്ഞു'യെന്നാണ് എബിന്‍ ഷെമീറിനോടും അനൂപിനോടും പറഞ്ഞത്.

കഴിഞ്ഞദിവസമാണ് മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്നും തടിയൂരാന്‍ പരാതിക്കാരനെ സ്വാധീനിക്കാന്‍ സുധാകരന്‍ ശ്രമിച്ചത്. കേസുകള്‍ പിന്‍വലിക്കണമെന്നും സുധാകരനെ വിവാദത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പരാതിക്കാരോട് എബിന്‍ ആവശ്യപ്പെട്ടത്. മോന്‍സണ്‍ പ്രതിയായ പോക്‌സോ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്വാധീനിക്കാനും എബിന്റെ ശ്രമമുണ്ടായിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനുമായുള്ള എബിന്റെ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. രണ്ടരവര്‍ഷം മോണ്‍സണിന്റെ സ്റ്റാഫ് ആയിരുന്നു എബിന്‍. ഇയാളുടെ നിര്‍ദേശപ്രകാരമാണ് സുധാകരന്‍ മോന്‍സണിന്റെ അടുത്തെത്തിയതും.

കെ സുധാകരനുമായി ഏറ്റവും അടുത്തബന്ധമുള്ള വ്യക്തി കൂടിയാണ് എബിന്‍. തെരഞ്ഞെടുപ്പ് പ്രചരണസമയത്തും സജീവമായി ഇയാള്‍ രംഗത്തുണ്ടായിരുന്നു. സുധാകരന്‍ കെപിസിസി അധ്യക്ഷനായ ശേഷം പാര്‍ട്ടിക്കുള്ളില്‍ വന്‍ സ്വാധീനമാണ് എബിനുള്ളത്.

കൊച്ചിയില്‍ നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.


Next Story

Popular Stories