'അനില്‍ പഴയ ജോലികളിലേക്ക് പോകുന്നതാണ് പാര്‍ട്ടിക്ക് നല്ലത്, അനുഭവം കൊണ്ടാണ് പറയുന്നത്'; അനില്‍ കെ ആന്റണിക്കെതിരെ ബിനു ചുള്ളിയില്‍
അതേസമയം ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുന്നത് തുടരുകയാണ്. ഡിവൈഎഫ്ഐയുടെയും എസ്എഫിഐയുടെയും നേതൃത്വത്തിലാണ് പ്രദര്‍ശനം. യൂത്ത് കോണ്‍ഗ്രസും കെപിസിസി ന്യൂനപക്ഷ സെല്ലും സംസ്ഥാന വ്യാപകമായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
24 Jan 2023 1:43 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ ബിജെപി വാദങ്ങള്‍ ഏറ്റെടുത്ത കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിനു ചുള്ളിയില്‍. ഇന്ത്യയിലുള്ളവര്‍ ബിബിസിയെ പോലെ ഒരു ചാനലിന്റെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമായ കീഴ്വഴക്കമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന് കൂടിയായ അനില്‍ ആന്റണി ട്വീറ്റ് ചെയ്തിരുന്നു. ഈ അഭിപ്രായത്തിനെതിരായാണ് ബിനു ചുള്ളിയില്‍ രംഗത്തെത്തിയത്.
'കെപിസിസി സോഷ്യല്‍ മീഡിയ കൊഓര്‍ഡിനേറ്റര്‍ ആണ് അനില്‍. അതിനാല്‍ തന്നെ അനില്‍ ആന്റണിയുടെ സമൂഹമാധ്യമങ്ങളിലെ നിലപാട് വ്യക്തിപരമായി കാണാനാകില്ല. സംഘടന തലപ്പത്ത് ഇരുന്ന് പാര്‍ട്ടിക്ക് പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന നിലപാട് സ്വീകരിക്കരുത്. ഒന്നുകില്‍ അനില്‍ ട്വീറ്റ് പിന്‍വലിച്ച് ഖേദം അറിയിക്കണം അല്ലെങ്കില്‍ അനില്‍ ആന്റണിയെ തലസ്ഥാനത്ത് നിന്ന് നീക്കണം', ബിനു ചുള്ളിയില്‍ പ്രതികരിച്ചു.
'ബിബിസിക്കെതിരെ എ.കെ ആന്റണിയുടെ മകന്' എന്നാണ് മാധ്യമങ്ങള്‍ ഇന്ന് നല്കിയ വാര്ത്തതലക്കെട്ട്. അതില്‍ തന്നെയുണ്ട് ഈ പാര്‍ട്ടിക്കേറ്റ ക്ഷീണം. ഡോക്യൂമെന്ററി വിവാദം രാജ്യത്തിന്റെ പരമാധികാരത്തിന് തുരങ്കംവയ്ക്കുന്നതാണെന്നും അനില്‍ ആന്റണി ട്വീറ്റ് ചെയ്തിട്ടുണ്ട്. അനിലിന്റെ നിലപാട് പാര്‍ട്ടി നിലപാടിനു വിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്...
അനില്‍ ആന്റണിയുടെ രാഷ്ട്രീയ നിലനില്‍പ്പ് ബഹുമാന്യനായ എ. കെ ആന്റണി സാറിന്റെ മകന് എന്ന നിലയില്‍ മാത്രമാണ്. സ്വന്തം അച്ഛന് വളര്‍ത്തി വലുതാക്കിയ സംഘടനയുടെ നീലക്കൊടി പോലും അനില്‍ ഇന്നുവരെ പിടിച്ചിട്ടില്ല. ആ അനിലാണ് രാജ്യവ്യാപകമായി കോണ്‍ഗ്രസ് എടുത്ത നിലപാടിന് വിരുദ്ധമായി അഭിപ്രായം പറയുന്നത്.
കെപിസിസി സോഷ്യല്‍ മീഡിയ കൊഓര്‍ഡിനേറ്റര്‍ ആണ് അനില്‍. അതിനാല്‍ തന്നെ അനില്‍ ആന്റണിയുടെ സമൂഹമാധ്യമങ്ങളിലെ നിലപാട് വ്യക്തിപരമായി കാണാനാകില്ല. സംഘടന തലപ്പത്ത് ഇരുന്ന് പാര്‍ട്ടിക്ക് പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന നിലപാട് സ്വീകരിക്കരുത്. ഒന്നുകില്‍ അനില്‍ ട്വീറ്റ് പിന്‍വലിച്ച് ഖേദം അറിയിക്കണം അല്ലെങ്കില്‍ അനില്‍ ആന്റണിയെ തലസ്ഥാനത്ത് നിന്ന് നീക്കണം.. അതിന് ആദ്യം സമ്മതം നല്‍കുന്നത് എ.കെ ആന്റണി സാറാവും. ആ മനുഷ്യന് ഉണ്ടാക്കിയ സല്‍പ്പേര് നശിപ്പിക്കാതെ അനില്‍ പഴയ ജോലികളിലേക്ക് തന്നെ തിരിച്ചുപോകുന്നതാകും പാര്‍ട്ടിക്ക് നല്ലത്. അനുഭവം കൊണ്ടുകൂടിയാണ് പറയുന്നത്.', ബിനു ചുള്ളിയില്‍ പറഞ്ഞു.
'ബിജെപിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസി പോലെ മുന്‍വിധികളുടെ നീണ്ട ചരിത്രമുള്ള ബ്രിട്ടണ് സ്പോണ്സര് ചെയ്യുന്ന ഒരു ചാനലിന്റെ വീക്ഷണത്തിന് മുന്‍തൂക്കം കല്പിക്കുന്നത് വളരെ അപകടകരമായ കീഴ്വഴക്കമാണ് എന്ന് ഞാന്‍ കരുതുന്നു. ഇത് നമ്മുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തും', അനില്‍ ആന്റണി ട്വീറ്റില്‍ പറയുന്നു.
അതേസമയം ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുന്നത് തുടരുകയാണ്. ഡിവൈഎഫ്ഐയുടെയും എസ്എഫിഐയുടെയും നേതൃത്വത്തിലാണ് പ്രദര്‍ശനം. യൂത്ത് കോണ്‍ഗ്രസും കെപിസിസി ന്യൂനപക്ഷ സെല്ലും സംസ്ഥാന വ്യാപകമായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.