വിവാഹ ദിവസം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; യുവതിയുടെ മരണത്തില്‍ പ്രതിശ്രുത വരന്‍ പിടിയില്‍
കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബെംഗളൂരുവില്‍ നിന്നും കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്
18 March 2023 1:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്ലം: വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം കടയ്ക്കലില്‍ യുവതി ആത്മഹത്യചെയ്ത കേസില്‍ യുവാവ് പിടിയില്‍. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബെംഗളൂരുവില്‍ നിന്നും കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. അഖിലും കടയ്ക്കല്‍ സ്വദേശിയായ യുവതിയും തമ്മില്‍ രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജാതി പ്രശ്‌നത്തിന്റെ പേരില്‍ അഖിലിന്റെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. എന്നാല്‍ കഴിഞ്ഞ മാസം പതിനഞ്ചിന് രാത്രി യുവതിയെ അഖില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും കണ്ടെത്തിയത്.
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് കൂട്ടിക്കൊണ്ട് പോയതെന്നും അഖില്‍ മൊഴി നല്‍കി. ഇതോടെ വീട്ടുകാര്‍ ഫെബ്രുവരി 24ന് വിവാഹമുറപ്പിച്ചു. വിവാഹ ദിവസം പെണ്‍കുട്ടി എത്തിയെങ്കിലും യുവാവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചതെന്നാണ് പരാതി.
അഖിലിനെതിരെ ആത്മഹത്യ പ്രേരണാ കുറ്റം, പട്ടിക ജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം, ബലാത്സംഗം, വഞ്ചനാ കുറ്റം എന്നിവ ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Story Highlights: Youth Arrested From Bengaluru By Kollam Kadakkal Police
- TAGS:
- Kerala Police
- Arrest
- Kadakkal