Top

തേവരയില്‍ തെരഞ്ഞിട്ടും കിട്ടിയില്ല, ഡിവിആര്‍ എവിടെ?; ദുരൂഹത നീങ്ങാതെ മോഡലുകളുടെ അപകട മരണം

17 Nov 2021 12:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തേവരയില്‍ തെരഞ്ഞിട്ടും കിട്ടിയില്ല, ഡിവിആര്‍ എവിടെ?; ദുരൂഹത നീങ്ങാതെ മോഡലുകളുടെ അപകട മരണം
X

കൊച്ചിയില്‍ യുവ മോഡലുകള്‍ മരിക്കാനിടയാക്കിയ വാഹനാപകടം സംബന്ധിച്ച് ദുരൂഹത നീക്കുന്നതിനുള്ള നിര്‍ണായക തെളിവുകള്‍ ഉണ്ടെന്ന് കരുതുന്ന ഹാര്‍ഡ് ഡിസ്‌കിന് വേണ്ടിയുള്ള തെരച്ചില്‍ വ്യാപിപ്പിക്കുന്നു. ഫോര്‍ട്ട് കൊച്ചിയിലെ നം. 18 എന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് തേടി പൊലീസ് തേവര കണ്ണങ്കര പാലത്തിന് സമീപമാണ് തെരച്ചില്‍ നടത്തിയത്. ഹോട്ടല്‍ ഉടമ റോയി ജെ വയലാട്ടിന്റെ വീടിന് സമീപമാണ് തേവര കണ്ണങ്കര പാലം. ഹോട്ടലിലെ ജീവനക്കാരുമായാണ് പൊലീസ് തെരച്ചില്‍ നടത്തിയത്.

എന്നാല്‍, പരിശോധനയില്‍ ഡിവിആര്‍ ലഭിച്ചില്ല. തെരച്ചിലിന് ശേഷം ഹോട്ടല്‍ ജീവനക്കാരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേയ്ക്ക് തിരികെ കൊണ്ടുവന്നു.

അതേസമയം, ഹോട്ടല്‍ 18 ഉടമ റോയി ജെ വയലാട്ടിനെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയാണ് പരിശോധന എന്നതും ശ്രദ്ധേയമായത്. രാവിലെ ഹോട്ടല്‍ ഉടമ റോയി ജെ വയലാട്ടുമായി ഹോട്ടലിലെത്തിയാണ് പരിശോധന നടത്തിയത്. രാവിലെയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി റോയി ഹാജരായത്. അര മണിക്കൂറിനകം പൊലീസ് ഇദ്ദേഹവുമായി ഹോട്ടലിലേയ്ക്കു പുറപ്പെടുകയായിരുന്നു.

ഇന്നലെ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇയാളെ വിട്ടയച്ചിരുന്നു. ഇന്ന് ഹാര്‍ഡ് ഡിസ്‌കുമായി എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ വിട്ടയക്കുകയും ചെയ്തു. രണ്ട് ഹാര്‍ഡ് സിസ്‌കുകള്‍ റോയി ഹാജറാക്കുകയും ചെയ്തു. എന്നാല്‍ നിര്‍ണായക വിവരങ്ങള്‍ ഉള്ള ഹാര്‍ഡ് ഡിസ്‌ക് ഹാജരാക്കിയില്ലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ നടക്കുന്ന തെരച്ചില്‍.



പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന സൂചനയാണ് കഴിഞ്ഞ ദിവസം അന്വഷണ ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു. എന്നാല്‍ ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ ദുരൂഹത തുടരുകയാണ്. അപകടത്തില്‍ ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്നാണ് കൊല്ലപ്പെട്ടമുൻ മിസ് കേരള അൻസി കബീർ , റണ്ണർ അപ്പ് അഞ്ജന ഷാജൻ എന്നിവരുടെ ബന്ധുക്കളുടെയും നിലപാട്.

മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെക്കുറിച്ചുള്ള ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അൻസി കബീറിൻ്റെ കുടുംബം പൊലീസിൽ പരാതി നൽകുകയും ചെയ്തു. അപകടത്തിന് മുന്‍പ് അൻസി കബീര്‍ ഉള്‍പ്പെടെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട് കൊച്ചിയിലെ ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെ തുടർച്ചയായി രണ്ടാം ദിവസവും പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മകളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം മുന്നോട്ട് വന്നിരിക്കുന്നത്.

Next Story