പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ
12 Nov 2021 1:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെയോടെ തെക്കന്‍ ആന്‍ഡമാന്‍ തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട് തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഈ മാസം 15 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയും പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയും തിങ്കളാഴ്ച 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യുനമര്‍ദ്ദം വടക്കന്‍ തമിഴ്നാട്ടില്‍ ചെന്നൈക്ക് സമീപത്തുകൂടി കരയില്‍ പ്രവേശിച്ചു. 10 കി.മി വേഗതയില്‍ പടിഞ്ഞാറ്വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച തീവ്ര ന്യൂനമര്‍ദ്ദം ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈ തീരത്ത് നിന്ന് ഏകദേശം 40 കി.മീ തെക്കു തെക്കുകിഴക്കു മാറിയായിരുന്നു നിലകൊണ്ടിരുന്നത്. എന്നാല്‍ പടിഞ്ഞാറു വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി ക്ഷയിച്ചു ന്യുനമര്‍ദ്ദമായി മാറാന്‍ സാധ്യതയാണുള്ളതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
മധ്യ അറബികടലില്‍ നിലവില്‍ ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമെയാണ് ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യുന മര്‍ദ്ദ സാധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നത്. നവംബര്‍ 13 ഓടെ ബംഗാള്‍ ഉള്‍കടലില്‍ തെക്കന്‍ അന്തമാന്‍ കടലില്‍ പുതിയ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് നിലവിലെ അറിയിപ്പ്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ന്യൂന മര്‍ദം ശക്തി പ്രാപിക്കാനാണ് സാധ്യത.