'കോടതിയില്‍ പിതാവിന്റെ ശബ്ദമാകും'; നിരപരാധികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മഅ്ദനിയുടെ മകന്‍
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ സന്തോഷം അബ്ദുൽ നാസർ മഅ്ദനി അറിയിച്ചത്
19 March 2023 9:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: കോടതിയില്‍ ഇനി പിതാവിന്റെ ശബ്ദമാകുമെന്ന് പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി. നീതി നിഷേധിക്കപ്പെടുന്ന മുഴുവന്‍ നിരപരാധികളായ മനുഷ്യര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സലാഹുദ്ദീന്‍ അയ്യൂബി വ്യകത്മാക്കി. അഭിഭാഷകനായി എൻറോൾ ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നീതിയുടെയും നിയമത്തിന്റെയും വില നന്നായി അറിയാം. പിതാവിന്റെ നിയമ പോരാട്ടങ്ങളുടെ ഭാഗമാകും. കോടതി മുറികള്‍ക്ക് പുറത്ത് നിൽക്കുമ്പോള്‍ പിതാവിന്റെ നിയമ പോരാട്ടങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നു. ഇനി കോടതിയില്‍ പിതാവിന്റെ ശബ്ദമാകും. കോടതികളാണ് അവസാന ആശ്രയമെന്ന് വിശ്വസിക്കുന്നതിന്റെ പ്രതിഫലനമാണ് താന്‍ അണിഞ്ഞിട്ടുള്ള വക്കീല്‍ കുപ്പായം', അഡ്വ സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.
'പിതാവിന്റെ ആരോഗ്യം വളരെ മോശമായ നിലയിലാണ്. നിരന്തരം സ്‌ട്രോക്ക് വരുന്നുണ്ട്. കൂടാതെ വൃക്ക തകരാറിലാകുന്ന സാഹചര്യമാണ്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് അത്യാവശ്യമായ ഘട്ടമാണ് നിലവിലുള്ളത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പിതാവിന്റെ ആരോഗ്യ പ്രശ്‌നങ്ങളും വ്യക്തിപരമായ നേട്ടങ്ങളും സമൂഹമാധ്യമത്തില്‍ പങ്കുവെക്കുമ്പോള്‍ ആക്ഷേപിക്കന്ന കമന്റുകള്‍ കാണാറുണ്ട്. രാജ്യത്തിന്റെ ഭരണഘടനയെയാണ് ഒന്നാമതായി കാണുന്നതെന്ന പ്രഖ്യാപനമാണ് തന്റെ അഭിഭാഷകനായുള്ള എന്റോള്‍മെന്റ്', സലാഹുദ്ദീന്‍ അയ്യൂബി വ്യക്തമാക്കി. മകന് ആശംസകൾ പങ്കുവെച്ച് അബ്ദുൽ നാസർ മഅ്ദനിയും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ സന്തോഷം അബ്ദുൽ നാസർ മഅ്ദനി അറിയിച്ചത്.
STORY HIGHLIGHTS: will work for the innocent people adv salahuddin ayyubi son of abdul nazer mahdani