Top

'അയോധ്യയില്‍ പ്രവേശിപ്പിക്കില്ല'; രാജ് താക്കറെ ഉത്തരേന്ത്യക്കാരോട് മാപ്പ് പറയണമെന്ന് ബിജെപി എംപി

ഉത്തരേന്ത്യക്കാരെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന വിവാദം തുടരുന്നതിനിടെയാണ് പരസ്യമായ മുന്നറിയിപ്പുമായി ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് രംഗത്തെത്തിയത്.

5 May 2022 3:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അയോധ്യയില്‍ പ്രവേശിപ്പിക്കില്ല; രാജ് താക്കറെ ഉത്തരേന്ത്യക്കാരോട് മാപ്പ് പറയണമെന്ന് ബിജെപി എംപി
X

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയെ അയോധ്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി എംപി. ഉത്തരേന്ത്യക്കാരെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന വിവാദം തുടരുന്നതിനിടെയാണ് പരസ്യമായ മുന്നറിയിപ്പുമായി ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് രംഗത്തെത്തിയത്. ജൂണ്‍ 5 ന് അയോധ്യയിലെത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു അതിര്‍ത്തി കടക്കും മുന്‍പ് രാജ് താക്കറെ എല്ലാ ഉത്തരേന്ത്യക്കാരോടും കൂപ്പുകൈകളോടെ മാപ്പ് പറയണം എന്ന ബിജെപി എംപിയുടെ പരാമര്‍ശം. ട്വിറ്ററിലായിരുന്നു എംപിയുടെ പ്രതികരണം.

ഉത്തര്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ അപമാനിക്കുന്ന തരത്തില്‍ രാജ് താക്കറെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആക്ഷേപമാണ് യുപിയില്‍ നിന്നുള്ള ബിജെപി നേതാവിനെ ഇത്തരം ഒരു നിലപാട് എടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎന്‍എസ് രൂപീകരണത്തിന് ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നും മഹാരാഷ്ട്രയില്‍ എത്തിയവരെ ലക്ഷ്യമിട്ട് നിരന്തരം ആക്ഷേപങ്ങള്‍ രാജ് താക്കറെ ഉന്നയിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവിന്റെ പരാമര്‍ശം.

കുടിയേറ്റക്കാര്‍ മഹാരാഷ്ട്രയുടെ സംസ്‌കാരം നശിപ്പിക്കുകയാണെന്നായിരുന്നു രാജ് താക്കറെ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു. യുപി സ്വദേശി എന്ന് ചൂണ്ടിക്കാട്ടി അമിതാഭ് ബച്ചനെ പോലും അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ബിജെപി എംപിയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു പ്രതികരണം ഉണ്ടായത്.

ജൂണ്‍ 5 ന് അയോധ്യയിലെത്തുമെന്നായിരുന്നു രാജ് താക്കറെയുടെ പ്രതികരണം. 'രാമക്ഷേത്ര നിര്‍മാണത്തിനായി നിരവധി കര്‍സേവകര്‍ക്ക് അവരുടെ ജീവന്‍ വെടിയേണ്ടി വന്നു. സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരും കാരണം അവിടെ രാമക്ഷേത്രം സ്ഥാപിക്കപ്പെടുന്നു. അതുകൊണ്ട് നിര്‍മ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഞാന്‍ അവിടെ പോകാന്‍ ആഗ്രഹിക്കുന്നു. പിന്നീട്, ക്ഷേത്രം തയ്യാറായിക്കഴിഞ്ഞാല്‍, എല്ലാവരും വീണ്ടും സന്ദര്‍ശിക്കും'. 'ജൂണ്‍ 5 ന് എംഎന്‍എസ് വോളന്റിയര്‍മാര്‍ക്കൊപ്പമായിരിക്കും അയോധ്യയില്‍ എത്തുകയെന്നും പൂനെയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാജ് താക്കറെ നല്‍കിയ പ്രതികരണം. കുറെക്കാലമായി താന്‍ യാത്ര ചെയ്തിട്ടില്ലെന്നും അതുകൊണ്ടാണ് ഇപ്പോള്‍ ഈ യാത്രയെ കുറിച്ച് ചിന്തിച്ചതെന്നും രാജ് താക്കറെ വ്യക്തമാക്കിയിരുന്നു. മെയ് ആദ്യവാരം മഹാരാഷ്ട്ര ടൂറിസം പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെയും അയോധ്യ സന്ദര്‍ശിക്കുന്നുണ്ട് .

Story highlights : 'Will not enter Ayodhya'; BJP MP urges Raj Thackeray to apologize to North Indians


Next Story