മലമ്പുഴ ഡാമിൽ മീൻ പിടിക്കാനെത്തി; വാഹനം തകർത്ത് കാട്ടാനക്കൂട്ടം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഡാമിലേക്ക് മീൻ പിടിക്കാനായി എത്തിയപ്പോഴായിരുന്നു സുന്ദരനെ ആനകൾ ആക്രമിച്ചത്
19 March 2023 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട്: മലമ്പുഴ ഡാമിൽ മീൻ പിടിക്കാനെത്തിയ ആളുടെ വാഹനം കാട്ടാനക്കൂട്ടം തകർത്തു. കല്ലേപ്പുള്ളി സ്വദേശി സുന്ദരന്റെ വാഹനമാണ് ആനകൾ തകർത്തത്. തലനാരിഴയ്ക്കാണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ നിന്ന് സുന്ദരൻ രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
ഡാമിലേക്ക് മീൻ പിടിക്കാനായി എത്തിയപ്പോഴായിരുന്നു സുന്ദരനെ ആനകൾ ആക്രമിച്ചത്. വാഹനം നിർത്തി ഡാമിലേക്ക് പോകാൻ നിൽക്കുന്നതിനിടെയാണ് ആക്രമണം. ആനകളെ കണ്ടതും സുന്ദരൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ സുന്ദരന്റെ ഇരുചക്ര വാഹനം ആനകൾ നശിപ്പിച്ചു.
പത്തോളം വരുന്ന കാട്ടാനക്കൂട്ടം സ്ഥിരമായി മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് എത്താറുണ്ട്. ഈ കാട്ടാനക്കൂട്ടം തന്നെയാണ് സുന്ദരനെ ആക്രമിച്ചതെന്നാണ് നിഗമനം. വേനൽ കടുത്തതിനാൽ വന്യ മൃഗങ്ങൾ വെള്ളം കുടിക്കാൻ ഡാമിൽ എത്തുന്നത് പതിവായതോടെ വിനോദ സഞ്ചാരികളും പ്രദേശവാസികളും ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് അറിയിച്ചു.
STORY HIGHLIGHTS: wild elephants destroyed vehicle near malampuzha dam