Top

അര്‍ധമയക്കത്തിലും പിഎം2 കാട്ടാന ഡോക്ടറെ ആക്രമിച്ചു; കാലിന് പരുക്ക്

ഗൂഡല്ലൂര്‍ മേഖലയില്‍ രണ്ട് പേരെ കൊലപ്പെടുത്തുകയും നിരവധി വീടുകളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്ത കാട്ടാനയാണ് പിഎം2

9 Jan 2023 10:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അര്‍ധമയക്കത്തിലും പിഎം2 കാട്ടാന ഡോക്ടറെ ആക്രമിച്ചു; കാലിന് പരുക്ക്
X

സുല്‍ത്താന്‍ ബത്തേരി: മയക്കുവെടിയേറ്റ പിഎം2 കാട്ടാന കൂട്ടിലേക്ക് മാറ്റുന്നതിനിടെ വെറ്റിനറി സര്‍ജനെ ആക്രമിച്ചു. വെടിയേറ്റ് അര്‍ധമയക്കത്തിലിരിക്കവെയാണ് കാട്ടാന വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയെ ആക്രമിച്ചത്. കാലിന് പരുക്കേറ്റ ഡോക്ടറെ ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ഇടപെട്ട് രക്ഷപെടുത്തുകയായിരുന്നു.

സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ വനത്തില്‍ വച്ച് ഇന്ന് രാവിലെയാണ് ആനയെ മയക്കുവെടി വെച്ചത്. ആദ്യ ഡോസ് മയക്കുവെടിയേറ്റ് നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ആനയെ ബന്ധിച്ചു. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനം കാട്ടിലെത്തിച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വിദഗ്ധ സമിതിയുടെയും നിര്‍ദേശങ്ങള്‍ക്കനുസൃതമായി മുത്തങ്ങയിലെ കൂട്ടിലാണ് ഇനി കാട്ടാന കഴിയുക.

ഗൂഡല്ലൂര്‍ മേഖലയില്‍ രണ്ട് പേരെ കൊലപ്പെടുത്തുകയും നിരവധി വീടുകളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്ത കാട്ടാനയാണ് പിഎം2. തുടര്‍ന്ന് ഗൂഡല്ലൂരില്‍ നിന്നു മയക്കുവെടിവെച്ച് വീഴ്ത്തി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഊട്ടി വനമേഖലയില്‍ വിട്ട ആന കിലോമീറ്ററുകള്‍ താണ്ടിയാണ് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയത്. കഴിഞ്ഞദിവസം ബത്തേരി ടൗണില്‍ ഇറങ്ങിയ കാട്ടാന പ്രദേശവാസിയെ ആക്രമിക്കുകയും ചെയ്തിരുന്നു.

Story Highlights: Wild Elephant Attack at Wayanad Sulthan Bathery

Next Story