Top

'വിഎസ് മാരാരിക്കുളത്ത് തോറ്റപ്പോള്‍ ഒപ്പിട്ട് കൂളായി വീട്ടില്‍ വന്നു'; ഉടന്‍ കിടന്നുറങ്ങിയെന്ന് വസുമതി

'രാഷ്ട്രീയവും കമ്മ്യൂണിസ്റ്റുകാരനും ഒരു മേഖല, കുടുംബം മറ്റൊരു മേഖല. രണ്ടും കൂടി കലരില്ല'

20 Oct 2022 5:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഎസ് മാരാരിക്കുളത്ത് തോറ്റപ്പോള്‍ ഒപ്പിട്ട് കൂളായി വീട്ടില്‍ വന്നു; ഉടന്‍ കിടന്നുറങ്ങിയെന്ന് വസുമതി
X

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഗതിമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നേതാവ്, വി എസ് അച്യുതാനന്ദന്‍ നൂറാം വയസിലേക്ക് കടന്നിരിക്കുകയാണ്. തിരുവനന്തപുരം ലോ കോളേജിനടുത്ത് വേലിക്കകത്ത് വീട്ടില്‍ വിശ്രമജീവിതത്തിലാണ് അദ്ദേഹം. ഭാര്യ കെ വസുമതിയും മകനും വിഎസിനൊപ്പമുണ്ട്. രാഷ്ട്രീയത്തിലും പാര്‍ട്ടിയിലും പ്രിതിസന്ധികളുണ്ടായിട്ടുണ്ടെങ്കിലും ഇതൊന്നും വിഎസിനെ ബാധിക്കാറില്ലെന്നാണ് മനസിലാക്കിയിരിക്കുന്നതെന്ന് ഭാര്യ വസുമതി പറയുന്നു. മാതൃഭൂമിയോടായിരുന്നു പ്രതികരണം.

വീട്ടില്‍ വിഎസ് രാഷ്ട്രീയം സംസാരിക്കാറില്ല, തങ്ങള്‍ ചോദിക്കാറുമില്ലെന്നും വസുമതി പ്രതികരിച്ചു. പത്രത്തില്‍ വരുമ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്. രാഷ്ട്രീയവും കമ്മ്യൂണിസ്റ്റുകാരനും ഒരു മേഖല, കുടുംബം മറ്റൊരു മേഖല. രണ്ടും കൂടി കലരില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1996-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് വിഎസ് തോറ്റപ്പോഴുണ്ടായ കാര്യങ്ങളും വസുമതി സിസ്റ്റര്‍ പങ്കുവെച്ചു. 'അപ്രതീക്ഷിത തോല്‍വിയറിഞ്ഞ് എല്ലാവരും ഞെട്ടി. അന്ന് വിഎസിനെ തോല്‍പ്പിച്ച എതിരാളി പോലും എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുകയാണ്. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ ഒപ്പും ഇട്ട് അദ്ദേഹം കൂളായി വീട്ടില്‍ വന്നു. ഞങ്ങളെല്ലാം അന്തംവിട്ടിരിക്കുകയാണ്. തലേന്ന് രാത്രി അദ്ദേഹം ഉറങ്ങിയിട്ടില്ല. അതുകൊണ്ട് വന്നയുടന്‍ കിടന്നു. ഒരു മണിക്കൂറോളം ഉറങ്ങി. പത്രക്കാര്‍ വന്നപ്പോള്‍ സംസാരിച്ചു. പിന്നെ കാറില്‍ കയറി തിരുവനന്തപുരത്തേക്ക് സമ്മേളനത്തിന് പോയി', ഭാര്യ പറഞ്ഞു.

പാര്‍ട്ടിയില്‍ ശക്തനായിരിക്കെ 1996ലാണ് മാരാരിക്കുളത്ത് വിഎസിന് അപ്രതീക്ഷിത തോല്‍വി നേരിടേണ്ടി വന്നത്. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ വിഎസ് തന്നെയാകും മുഖ്യമന്ത്രിയെന്ന് ഏകദേശം ഉറപ്പായിരുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടയായ മാരാരിക്കുളം നിയമസഭാ മണ്ഡലത്തില്‍ 1965 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു. 1991ല്‍ 9000ല്‍ അധികം വോട്ടുകള്‍ക്ക് അദ്ദേഹം ജയിച്ച മണ്ഡലമായിരുന്നു.

കോണ്‍ഗ്രസിന്റെ പി ജെ ഫ്രാന്‍സിസാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. ഇ കെ നയനാരാണ് അന്ന് മുഖ്യമന്ത്രിയായത്. പാര്‍ട്ടിക്കകത്തെ വിഭാഗീയതയാണ് വിഎസിന്റെ തോല്‍വിക്ക് കാരണമെന്നായിരുന്നു ആരോപണം. വിഎസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയെ പിന്നീട് തോല്‍വിയുടെ കാരണം ആരോപിച്ച് പാര്‍ട്ടിയില്‍ തരംതാഴ്ത്തിയിരുന്നു.

സെക്കന്തരാബാദ് ഗാന്ധി ഹോസ്പിറ്റലില്‍ നഴ്‌സിങ് പഠനം കഴിഞ്ഞ് ജോലിതുടങ്ങിയപ്പോഴാണ് വിഎസിന്റെ വിവാഹാലോചന വരുന്നതെന്ന് വസുമതി പറയുന്നു. 'ഒരു ദിവസം വീട്ടില്‍ നിന്ന് കമ്പി സന്ദേശം എത്തി. ഉടന്‍ എത്തണം എന്നായിരുന്നു. എത്തിയപ്പോള്‍ എന്റെ വിവാഹം നിശ്ചയിച്ചു എന്നാണ് അറിഞ്ഞത്. വരന്‍ വിഎസ് അച്യുതാനന്ദന്‍. ഞാനും പാര്‍ട്ടിയിലുണ്ടായിരുന്നു. മഹിളാപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ വിഎസിന്റെ പ്രസംഗങ്ങള്‍ ആവേശത്തോടെ കേള്‍ക്കും. അതിനോട് ആരാധനയായിരുന്നു.

സഖാവിന്റെ ജീവിതവും പ്രവര്‍ത്തനവും എന്തിന് വേണ്ടിയായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് സാധാരണ പെണ്‍കുട്ടികളുടേത് പോലുള്ള വിവാഹ ജീവിതമായിരിക്കില്ല എന്നെ കാത്തിരിക്കുന്നതെന്ന് നല്ല ധാരണയുണ്ടായിരുന്നു. വിവാഹ ദിവസം പാര്‍ട്ടി വാടകയ്ക്ക് എടുത്തുതന്ന വീട്ടില്‍ താമസിച്ചു. പിറ്റേന്ന് രാവിലെ എന്നെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം അദ്ദേഹം നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബസില്‍ കയറി തിരുവനന്തപുരത്തേക്ക് പോയി', വസുമതി കൂട്ടിച്ചേര്‍ത്തു.

വിഎസിന്റെ സമരങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രീതിയുമെല്ലാം തന്നെയും സ്വാധീനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. താന്‍ ജോലി ചെയ്യുന്ന മേഖലയിലും സമരത്തിലൂടെ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു. നഴ്‌സുമാരുടെ സംഘടനയില്‍ നേതാവായിരുന്നു. മുമ്പ് നഴ്‌സുമാര്‍ക്ക് 14 മണിക്കൂര്‍ ജോലിയുണ്ടായിരുന്നു. അത് എട്ട് മണിക്കൂറാക്കിയതൊക്കെ തങ്ങളുടെ സമരത്തെ തുടര്‍ന്നായിരുന്നുവെന്നും വസുമതി പറഞ്ഞു.

Story Highlights: Wife Vasumathi About VS Achuthanandan On His Birthday

Next Story