Top

ഒരിടത്ത് ഓട് പൊളിക്കൽ, മറുവശത്ത് ഭിത്തി തുരക്കൽ; ഓടിയെത്താനാവാതെ ജീവനക്കാർ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്നത്

20 Feb 2022 3:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരിടത്ത് ഓട് പൊളിക്കൽ, മറുവശത്ത് ഭിത്തി തുരക്കൽ; ഓടിയെത്താനാവാതെ ജീവനക്കാർ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്നത്
X

കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടിപ്പോവുന്നത് തുടർകഥയാവുന്നു. ഇന്ന് ഇവിടെ ചികിത്സയിലുള്ള 17 വയസ്സുകാരിയാണ് ചാടിപ്പോയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങൾക്കിടയിലെ നാലാമത്തെ അന്തേവാസിയാണ് ഇത്തരത്തിൽ ചാടിപ്പോവുന്നത്.

ഇന്നലെ മറ്റൊരു അന്തേവാസിയായ യുവാവ് ബാത്ത്റൂമിന്റെ വെന്റിലേറ്റർ പൊളിച്ച് ചാടിപ്പോയതിന് പിന്നാലെയാണ് 17 വയസുകാരിയും പുറത്തു ചാടിയത്. ഇന്നലെ കടന്നു കളഞ്ഞ യുവാവിനെ ഷൊർണ്ണൂരിൽ നിന്ന് കണ്ടെത്തി. 17 വയസുകാരിക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ഓടു പൊളിക്കലും ഭിത്തി തുരക്കലും

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോവാന്‍ പല വഴികളാണ് ഇവിടെ ചികിത്സയിലുള്ള അന്തേവാസികള്‍ കാണുന്നത്. ഈ മാസം 10 കുളിമുറിയോട് ചേര്‍ന്ന പഴയ ഭിത്തി തുരന്നാണ് മലപ്പുറം സ്വദേശിനിയും നാടക്കാവ് സ്വദേശിനിയും ചാടിപ്പോയത്. ഭിത്തി വെള്ളമൊഴിച്ച് കുതിര്‍ത്ത ശേഷം പ്ലേറ്റ് കൊണ്ട് തുരന്നാണ് ഇവര്‍ പുറത്തു കടന്നത്. ഇരുവരെയും പിന്നീട് കണ്ടെത്തി.

ഇന്നലെ ചാടിപ്പോയ 21 കാരനാവട്ടെ കുളിമുറിയിലെ വെന്റിലേറ്റര്‍ തകര്‍ത്താണ് രക്ഷപ്പെട്ടത്. യുവാവിനെ പിന്നീട് ഷൊര്‍ണൂരില്‍ നിന്ന് കണ്ടെത്തി. പിന്നാലെയാണ് 17 വയസുകാരി മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലെ ഓട് പൊളിച്ച് പുറത്തു ചാടിയിരിക്കുന്നത്. പെണ്‍കുട്ടിക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്

സുരക്ഷാ ജീവനക്കാരുടെ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിവരം. നാല് സുരക്ഷാ ജീവനക്കാർ മാത്രമാണ് കുതിരവട്ടത്തുള്ളത്. അന്തേവാസികളുടെ എണ്ണമാവട്ടെ 469 ഉം. കേന്ദ്രത്തില്‍ മുന്‍ ഗെയ്റ്റിലും പിന്നിലുമായി കാവല്‍ നില്‍ക്കാനുള്ള ജീവനക്കാര്‍ പോലും നിലവില്‍ ഇവിടെയില്ല. മാനസിക പ്രശ്‌നമുള്ള അന്തേവാസികള്‍ തമ്മില്‍ സംഘര്‍മുണ്ടായാലോ അക്രമാസക്തി കാണിച്ചാലോ വിരണിലെണ്ണാവുന്ന ജീവനക്കാര്‍ക്ക് ഇവരെ നിയന്ത്രിക്കാനാവുന്നില്ല. സുരക്ഷാ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു.

മഹാരാഷ്ട്ര സ്വദേശിനിയായ അന്തേവാസി ഈ മാസം 10 ന് മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഇവിടെ നിന്നും തുടർച്ചയായി അന്തേവാസികൾ ചാടിപ്പോവുന്ന വാർത്തകളും പുറത്തു വരുന്നത്. അന്തേവാസിയുടെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോടും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അന്തേവാസികളെ പരിചരിക്കുന്നതില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ചകള്‍ സംഭവിച്ചോയെന്നാണ് കമ്മീഷന്‍ പ്രധാനമായും പരിശോധിക്കുക.

Next Story