Top

എന്താണ് ഗാഗ് ഓർഡർ, ഹാഷ് വാല്യൂ മാറുന്നതെങ്ങനെ..?

ഇരയുടെ സ്വകാര്യത, സംരക്ഷണം എന്നൊക്കെയുള്ള പേരിൽ ഇഷ്യൂ ചെയ്യപ്പെടുന്ന ഗാഗ് ഓർഡറുകൾ മിക്കവാറും സ്വാധീനവും, സമ്പത്തുമുള്ള ( Influential & Affluential ) പ്രതികൾക്ക് സുരക്ഷയൊരുക്കുന്ന ഒരു മറയാകാറുണ്ട്.

5 Feb 2022 12:19 PM GMT
നിഷ അജിത്ത്

എന്താണ് ഗാഗ് ഓർഡർ, ഹാഷ് വാല്യൂ മാറുന്നതെങ്ങനെ..?
X

സാധാരണ ജനങൾക്ക് അത്ര പരിചിതമല്ലാത്ത ലീഗൽ ടെം (Legal Term) ആയ ഗാഗ് ഓർഡർറും സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ഹാഷ് വാല്യൂവും എന്താണെന്ന് പരിശോധിക്കാം.

എന്താണ് ഗാഗ് ഓർഡർ..?

കോടതിയുടെ പരിഗണനിയിലിക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയോ, ഒന്നിൽ കൂടുതൽ വ്യക്തികളോ ചില 'പ്രത്യേക സാഹചര്യത്തിലോ, ചുറ്റുപാടിലോ' മനസിലാക്കിയ വിവരങ്ങൾ കോടതിക്ക് പുറത്തു വെളിപ്പെടുത്തരുത് അല്ലെങ്കിൽ ചർച്ച ചെയ്യരുതെന്ന് കാണിച്ചു കൊണ്ട് കോടതി പുറപ്പെടുവിക്കുന്ന നിബന്ധനയെയാണ് ഗാഗ് ഓർഡർ എന്ന് പറയുന്നത്. ഈ ഓർഡർ ആരുടെയെല്ലാം പേരിലാണോ പുറപ്പെടുവിച്ചിട്ടുള്ളത് അവർ ഈ ഓർഡർ അനുസരിക്കേണ്ടതുണ്ട്. ഇവിടെ സൂചിപ്പിച്ച ആ 'പ്രത്യേക സാഹചര്യം-ചുറ്റുപാട് ' എന്നൊക്കെയുള്ള പദങ്ങൾ കൊണ്ടുദ്ദേശിക്കുന്നത് ചിലപ്പോൾ കോടതി, ചിലപ്പോൾ പബ്ലിക് ഓഫിസുകൾ , അല്ലെങ്കിൽ കോർപറേറ്റ് സ്ഥാപനങ്ങൾ ഒക്കെ ആകാം. ഇതിനെ Suppression Order എന്നും വിളിക്കാറുണ്ട്.

ഗാഗ് ഓർഡർ എന്തിനാണ് ഉപയോഗിക്കുക..?

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ ന്യായമായ വിചാരണ (Fair Trial ) ഉറപ്പുവരുത്തുന്നതിനും നീതിന്യായത്തിന്റെ കാര്യക്ഷമമായ നിർവഹണം എളുപ്പമാക്കുന്നതിനും ആണ് ഗാഗ് ഓർഡർ ഉപയോഗിക്കുന്നത്‌. കൂടാതെ മുൻവിധിയോട് കൂടിയുള്ള വിവരങ്ങൾ വിചാരണ നടത്തുന്ന ജൂറിയുടെ അല്ലെങ്കിൽ ജഡ്ജിയുടെ മുന്നിൽ എത്താനും അതുവഴി വിധിയെ സ്വാധീനിക്കുന്നത് തടയുന്നതിനുമായാണ് സാധാരണയായി കോടതി ഗാഗ് ഓർഡറുകൾ പുറപ്പെടുവിക്കുന്നത്.

ഗാഗ് ഓർഡർ ആർക്കെല്ലാം-ഏതെല്ലാം സാഹചര്യങ്ങളിൽ ഉപയോഗിക്കാം..?

ഒരു കമ്പനിയുടെ നിയമാനുസൃതമായ വ്യാപാരരഹസ്യം അല്ലെങ്കിൽ ( Legitimate trade secret ) സൂക്ഷിക്കുക, അല്ലെങ്കിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പൊലീസിന്റെയോ സൈനിക നടപടികളുടെയോ സമഗ്രത സംരക്ഷിക്കുക, അല്ലെങ്കിൽ ഇരകളുടെയോ പ്രായപൂർത്തിയാകാത്തവരുടെയോ സ്വകാര്യത സംരക്ഷിക്കുക എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗാഗ് ഓർഡർ പൊതുവിൽ ഇഷ്യൂ ചെയ്യപ്പെടാറ്. പക്ഷെ നിർഭാഗ്യവശാൽ, ഏതു സാഹചര്യത്തിലും, ആർക്കെതിരെ വേണമെങ്കിലും കോടതിക്ക് ഗാഗ് ഓർഡറുകൾ പുറപ്പെടുവിക്കാവുന്നതാണ് എന്നതാണ് സത്യം. ഗാഗ് ഓർഡർ ലംഘിച്ചാൽ (Violate) സംഭവിക്കുക കോടതിയലക്ഷ്യമാകും.

ഗാഗ് ഓർഡറുകൾക്കെതിരായുള്ള വാദങ്ങൾ എന്താണ്..?

ഇരകളെയോ, ഇരകൾക്കു വേണ്ടി ശബ്ദിക്കുന്നവരെയോ നിശ്ശബ്ദരാക്കുന്നതിനായാണ് ഗാഗ് ഓർഡറുകൾ ദുരുപയോഗം ചെയ്യപ്പെടാറ് എന്ന് വാദങ്ങളുണ്ട്. പല വിധ ഭീഷണികളാലോ, പ്രലോഭനങ്ങളാലോ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം ഒരു സാഹചര്യങ്ങളിലും ഉയർന്നു കേൾക്കാതിരിക്കാനും, പ്രതിക്കനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കാനുമാണ് ഇത്തരം ഗാഗ് ഓർഡറുകൾ വഴി സാധ്യമാവുക എന്നതാണ് അഭിപ്രായം. അതുകൊണ്ട് തന്നെ ഗാഗ് ഓർഡറുകൾ ഭരണഘടനാ വിരുദ്ധമാണെന്നൊരു അഭിപ്രായവും പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. അല്പം കൂടി ലളിതമായി പറഞ്ഞാൽ, ഇരയുടെ സ്വകാര്യത, സംരക്ഷണം എന്നൊക്കെയുള്ള പേരിൽ ഇഷ്യൂ ചെയ്യപ്പെടുന്ന ഗാഗ് ഓർഡറുകൾ മിക്കവാറും സ്വാധീനവും, സമ്പത്തുമുള്ള ( Influential & Affluential ) പ്രതികൾക്ക് സുരക്ഷയൊരുക്കുന്ന ഒരു മറയാകാറുണ്ട്.

എന്താണ് ഹാഷ് വാല്യൂ (Hash Value ) ?

കേരളത്തെ ആകെ ഉലച്ച, കേട്ടുകേൾവി പോലുമില്ലാത്ത രീതിയിൽ ഒരു നടിയെ ആക്രമിച്ച കേസിൽ നടപടി ക്രമങ്ങൾ തുടരവേ, അക്രമ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നിരിക്കുന്നു. ദൃശ്യങ്ങൾ ചോർന്ന വിവരം സ്ഥിരീകരിച്ചിട്ടുള്ളത് ഫോറൻസിക് സംഘമാണ്. ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ മാറിയെന്നാണ് ഫോറൻസിക് സംഘം കണ്ടെത്തിയിട്ടുള്ളത്.

അതായത് ദൃശ്യങ്ങളടങ്ങിയ ഒരു ഔദ്യോഗികരേഖ തുടർ പരിശോധനകൾക്കോ, സൂക്ഷിക്കാനോ (Custody ) ആയി കൈമാറുമ്പോൾ സീൽ ചെയ്ത കവറിലാണ് നൽകുക. ഇതിലൂടെ ഉദ്ദേശിക്കുന്നത് ഡോക്യൂമെന്റിന്റെ ആത്യന്തികമായ സുരക്ഷയാണ്. ഇവിടെ സൈബർ തെളിവുകളിൽ ദൃശ്യങ്ങൾ എത്ര തവണ കണ്ടു എന്ന് വ്യക്തമാകുന്നത് അതിന്റെ ഹാഷ് വാല്യൂവിനെ ആധാരമാക്കിയാണ്. അതായത് ദൃശ്യങ്ങളടങ്ങിയ ഒരു തെളിവ് ഒരാൾ മറ്റൊരാൾക്ക് കൈമാറുമ്പോൾ അവസാനം കണ്ട ഹാഷ് വാല്യൂ, സീൽഡ് കവറിന് മേൽ രേഖപ്പെടുത്തിയിട്ടാണ് നൽകുക. എന്നാൽ ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കുമ്പോൾ സീൽഡ് കവറിൽ രേഖപ്പെടുത്തിയ ഹാഷ് വാല്യൂവിൽ നിന്നും വ്യത്യസ്തമായ ഹാഷ് വാല്യൂവാണ് കിട്ടുന്നതെങ്കിൽ ദൃശ്യങ്ങൾ വീണ്ടും കണ്ടിട്ടുണ്ട് എന്നാണ് അർത്ഥമാക്കുന്നത്. ദൃശ്യങ്ങൾ എത്ര തവണ കണ്ടിട്ടുണ്ട് (Play) , പകർത്തിയിട്ടുണ്ട് (Copy) , ഇത്തരം തെളിവുകളിൽ കൃത്രിമത്വം കാട്ടിയിട്ടുണ്ടൊ എന്നൊക്കെയുള്ള വിവരങ്ങൾ ഇങ്ങനെ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് അറിയുന്നത്.

Next Story