Top

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും; ഏഴിടങ്ങളി‍ല്‍ ഓറഞ്ച് അലേര്‍ട്ട്‌

ഈ മാസം 21 വരെ കടൽ പ്രക്ഷുബ്ധമാകാൻസാധ്യതയുണ്ട്.

18 May 2022 7:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും; ഏഴിടങ്ങളി‍ല്‍ ഓറഞ്ച് അലേര്‍ട്ട്‌
X

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകും. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ഇടിമിന്നലിന്റെയും കടലാക്രമണത്തിന്റയും സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്

കേരളത്തിന് മുകളിലും സമീപത്തുമായി ചക്രവാത ചുഴിയും വടക്കന്‍ കേരളം മുതല്‍ വിദര്‍ഭ വരെ ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നുമുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത മുന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായതോ അതി ശക്തമായതോ ആയ മഴയ്ക്കും തുടര്‍ന്നുള്ള രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തൃശൂർ മുതൽ കാസർഗോഡ് വരെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ മുതൽ എറണാകുളം വരെ നാല് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരള - ലക്ഷദീപ് തീരങ്ങളിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ഇടിമിന്നൽ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഈ മാസം 21 വരെ കടൽ പ്രക്ഷുബ്ധമാകാൻസാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയിൽ കൂടുതലാകും എന്നതിനാൽ തീരദേശവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഈ മാസം 23 വരെ മഴ തുടരും. 23 നും 27 നും ഇടയിൽ കാലവർഷം എത്തുമെന്നാണ് പ്രവചനം. അങ്ങനെയെങ്കിൽ കേരളത്തിൽ വരും ദിനങ്ങൾ മഴയുടേതായിരിക്കും

Next Story