എംപിയുടെ പോരായ്മക്കെതിരെ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചത് ശരിയായില്ലെന്ന് സിപിഐഎം; 'അപലപനീയം, ഗൗരവപൂര്‍വം പരിശോധിക്കും, നടപടി'
ഉത്തരവാദിയായവരെ ഒരു തരത്തിലും സംരക്ഷിക്കുന്ന നിലപാട് സിപിഐഎം സ്വീകരിക്കില്ല.
24 Jun 2022 3:40 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജനാധിപത്യപരമായ സമരങ്ങള്‍ അക്രമസക്തമാവുന്നത് ശരിയായ പ്രവണതയല്ലെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയേറ്റ്. എസ്.എഫ്.ഐ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി എം.പി യുടെ ഓഫീസില്‍ നടന്ന ആക്രമ സംഭവങ്ങള്‍ അപലപനീയമാണെന്നും സിപിഐഎം വ്യക്തമാക്കി.
എംപിയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനം ഇത്തരത്തില്‍ അക്രമത്തില്‍ കലാശിച്ചത് ശരിയായ രീതിയല്ല. ഈ കാര്യത്തില്‍ പാര്‍ട്ടി ഗൗരവപൂര്‍വം പരിശോധിക്കും. ഉത്തരവാദിയായവരെ ഒരു തരത്തിലും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും സിപിഐഎം വ്യക്തമാക്കി.
സിപിഐഎം പ്രസ്താവന: ''എസ്.എഫ്.ഐ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസില്‍ നടന്ന ആക്രമ സംഭവങ്ങള്‍ അപലപനീയമാണ്. കേരളത്തെ കലാപഭുമിയാക്കാന്‍ ശ്രമിക്കുന്ന ബിജെപി, യുഡിഎഫ് ശ്രമത്തെ നല്ല രീതിയില്‍ ബഹുജനങ്ങളെ അണിനിരത്തി നേരിടുക എന്നതാണ് സിപിഐഎം നിലപാട്. മുഖ്യമന്ത്രിയെ വിമാനത്തില്‍ കയറി അക്രമിക്കാനും, സിപിഐഎം പതാക കത്തിക്കാനും കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയത്. ഇതിനെയെല്ലാം കോണ്‍ഗ്രസ്സ് നേതൃത്വം ആശീര്‍വദിക്കുകയാണ് ചെയ്തത്. ഇത്തരം സംഭവങ്ങളെ ചെറുക്കുന്നതില്‍ പോലും അക്രമത്തിന്റെ പാതയല്ല സിപിഐഎം സ്വീകരിച്ചത്.''
''ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഭുഷണമല്ല, ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും നിരാകരിക്കേണ്ടതാണ്. രാഹുല്‍ ഗാന്ധി എം.പിയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനം ഇത്തരത്തില്‍ അക്രമത്തില്‍ കലാശിച്ചത് ശരിയായ രീതിയല്ല. ഈ കാര്യത്തില്‍ പാര്‍ട്ടി ഗൗരവപൂര്‍വം പരിശോധിക്കും. ഉത്തരവാദിയായവരെ ഒരു തരത്തിലും സംരക്ഷിക്കുന്ന നിലപാട് സിപിഐഎം സ്വീകരിക്കില്ല.''
- TAGS:
- CPIM
- Rahul Gandhi
- Kerala