വഖഫ് പിഎസ്സി നിയമനം; പുനരാലോചന ഇല്ല, എതിര്‍പ്പുയര്‍ത്തുന്ന ചിലര്‍ മുതലെടുപ്പിന് ശ്രമിക്കുന്നെന്ന് മന്ത്രി
21 Nov 2021 1:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം തുടരുമ്പോഴും നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍. നിയമനം സംബന്ധിച്ച തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് വഖഫ ചുമതലയുള്ള മന്ത്രി വി അബ്ദുള്‍ റഹ്മാന്. വിഷയത്തില്‍ ഇനി പുനരാലോചന ഇല്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന് വ്യക്തമാക്കുന്നുയ നിയമനം പിഎസ്സിക്ക് വിട്ടുകൊണ്ടുള്ള ബില്‍ നിയമസഭയില്‍ പാസാക്കിയതാണ്. നടപടിയില്‍ മുസ്ലിം സംഘടനകള്‍ക്ക് എതിര്‍പ്പ് ഇല്ല. എന്നാല്‍ ചിലര്‍ ഇക്കാര്യത്തില്‍ മുതലെടുപ്പ് നടത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് കൊണ്ട് പ്രതിഷേധം ശക്തമായിരിക്കെയാണ് എടുത്ത തീരുമാനത്തില്‍ നിന്നും പിറകോട്ട് ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. നിലവില്‍ താല്‍ക്കാലിക ജീവനക്കാരാണ് വഖഫ് ബോര്‍ഡില്‍ ജിവനക്കാരായിട്ടുള്ളത്. നിയമനം പിഎസ് സിക്ക് വിടുന്നതോടെ ഈ തസ്തികളില്‍ സ്ഥിരം നിയമനം ആയി മാറും. നടപടി ക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍, വഖഫ് ബോര്‍ഡില്‍ സാമ്പത്തികപ്രതിസന്ധി ഇല്ലെന്നും 1912 മുതലുള്ള വഖഫ് ബോര്‍ഡിലെ മുഴുവന്‍ ഭൂമിയിടപാടുകളും അന്വേഷിക്കുമെന്നും വി അബ്ദുറഹ്മാന് പറഞ്ഞു. നിയമനം പിഎസ്സിക്ക് വിട്ടതുമായി ബന്ധപ്പെട്ടു കൊണ്ട് 22ന് കോഴിക്കോട് മുസ്ലിം സംഘടനകളുടെ യോഗം ചേരാനിരിക്കേയാണ് മന്ത്രി വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതല്‍ സമുദായത്തോട് അനീതി തുടരുകയാണെന്നാണു മുസ്ലിം ലീഗ് ആരോപണം. ന്യൂന പക്ഷ സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെ ഉദാഹരണമായും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പിഎസ്സി മുഖേന വഖ്ഫ് ബോര്‍ഡില്‍ മുസ്ലിംകള്ക്ക് മാത്രം നിയമനമെന്ന വ്യവസ്ഥ ഭാവിയില്‍ കോടതി കയറാന്‍ സാധ്യതയുണ്ടെന്നും ഇത് ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനു സമാനമായി ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ നേരിടാന്‍ ഇടയാക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
വഖ്ഫ് ബോര്‍ഡിന് ഹെഡ് ഓഫിസിലും ആറ് ഡിവിഷന് ഓഫിസുകളിലുമായി 130 ല്‍ താഴെ ജീവനക്കാരാണുള്ളത്. ഇതില്‍ 30 ല്‍പരം ഒഴിവിലേക്ക് മാത്രമാണ് നേരിട്ട് നിയമനം നടത്തുന്നത്. ബാക്കി പോസ്റ്റുകളെല്ലാം പ്രമോഷന് പോസ്റ്റുകളാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
- TAGS:
- V Abdurahiman
- Waqf Board
- PSC