Top

വഖഫ് ബോര്‍ഡ് നിയമനം; കൊള്ള പുറത്തുവരുമെന്ന ഭയമാണ് ലീഗിനെന്ന് കാസിം ഇരിക്കൂര്‍

വഖഫിന്റെ നിരവധി സ്വത്തുക്കള്‍ നഷ്ടപ്പെടുകയും കേസുകളില്‍ തോറ്റു കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

25 Nov 2021 7:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഖഫ് ബോര്‍ഡ് നിയമനം; കൊള്ള പുറത്തുവരുമെന്ന ഭയമാണ് ലീഗിനെന്ന് കാസിം ഇരിക്കൂര്‍
X

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിയ്ക്ക് വിട്ടുകൊണ്ടുള്ള തീരുമാനത്തെ മുസ്ലീം ലീഗ് എതിര്‍ക്കുന്നത് ഭയം കൊണ്ടാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. ബോര്‍ഡിലെ കൊള്ള പുറത്തുവരുമെന്ന ഭയമാണ് ലീഗ് നിയമനം പിഎസ് സിയ്ക്ക് വിടരുതെന്ന ലീഗ് വാശിപിടിക്കുന്നത്. കോടികളുടെ വഖഫ് സ്വത്തുക്കള്‍ തട്ടിയെടുത്തത് മുസ്ലിം ലീഗിന്റെ ഒത്താശയോടെയാണെന്നും കാസിം ഇരിക്കൂര്‍ ആരോപിച്ചു.

പ്രാപ്തരായ ഉദ്യോഗസ്ഥര്‍ ബോര്‍ഡിലെത്തിയാല്‍ ഇതുവരെ നടത്തിയ കൊള്ളയും അഴിമതിയും കൈയോടെ പിടികൂടുമെന്ന ഭീതിയാണ് മുസ്ലീംലീഗിന്. മുതവല്ലി ക്വാട്ടയില്‍ വഖഫ് ബോര്‍ഡിലുള്ള രണ്ട് ലീഗ് നേതാക്കളാണ് അഴിമതിക്ക് നേതൃത്വം നല്‍കുന്നത്. വഖഫിന്റെ നിരവധി സ്വത്തുക്കള്‍ നഷ്ടപ്പെടുകയും കേസുകളില്‍ തോറ്റു കൊടുക്കുകയും ചെയ്തിട്ടുണ്ട്. വഖഫ് ഇടപാടുകളെ കുറിച്ചും അന്യാധീനപ്പെട്ട സ്വത്തുക്കളെ കുറിച്ചും സമഗ്രമായി അന്വേഷിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാത്തെ ഐഎന്‍എല്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിയ്ക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് മുസ്ലീം സംഘടനകളുടെ യോഗത്തില്‍ ആവളശ്യം ഉയര്‍ന്നിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സംഘടന അറിയിച്ചു. കേന്ദ്ര നിയമത്തിന് എതിരാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വഖഫ് സ്വത്ത് ദൈവത്തിന്റേതാണ്. അതിന്റെ സംരക്ഷണം വിശ്വാസികള്‍ക്കായിരിക്കണമെന്നും മതബോധമുള്ളവരാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നുമായിരുന്നു വിഷയത്തില്‍ സാദിഖലി തങ്ങളുടെ പ്രതികരണം. മത വിശ്വാസികള്‍ അല്ലാത്തവര്‍ മതത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരായി എത്തുന്നത് വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുമെന്നാണ് സംഘടനകളുടെ നിലപാട്. നിയമപരമായി നിലനില്‍ക്കാത്ത തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും ആരോപിച്ചിരുന്നു.



Next Story

Popular Stories