Top

പിണറായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ അനുവദിക്കില്ല: ടി സിദ്ദിഖ്

9 Dec 2021 9:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിണറായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ അനുവദിക്കില്ല: ടി സിദ്ദിഖ്
X

മുഖ്യമന്ത്രി പിണറായി വിജയൻ ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പിഎസ്സിക്ക് വിടാൻ അനുവദിക്കില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്. വഖഫ് വിഷയത്തിൽ ഇടതുപക്ഷ സർക്കാർ നീങ്ങുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. അരക്ഷിതാവസ്ഥയും മത സാമുദായിക ഭിന്നിപ്പും സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

നടപ്പിലാക്കാന്‍ ഉദ്യേശിക്കാത്ത നിയമം എന്തിന് നിലനിർത്തുന്നു എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം. ചർച്ച് ബില്‍ കൊണ്ടുവന്ന് ചർച്ചയ്ക്ക് വിളിച്ച് കൂടെനിർത്താനാണ് ശ്രമിച്ചതുപോലെ ഒരോ സാഹചര്യത്തിലും ബ്ലാക്ക് മെയിലിംഗ് ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ടി സിദ്ദിഖ് ആരോപിച്ചു.

അതേസമയം, വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും, സമരത്തിനില്ലെന്നുമായിരുന്നു സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കഴിഞ്ഞദിവസവും ആവര്‍ത്തിച്ചത്. വഖഫ് നിയമനവുമായി ബന്ധപ്പെട്ട് സമസ്ത ഇതുവരെ സമരം പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധ പ്രമേയം പാസാക്കി മുഖ്യമന്ത്രിയെ കാണാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കൂടിക്കാഴ്ച്ചയ്ക്കായി അദ്ദേഹം വിളിക്കുകയായിരുന്നുവെന്നും തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിഷയം സംസാരിച്ച് തീര്‍ക്കാമെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. അതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച്ച ചര്‍ച്ച നടന്നത്. ചര്‍ച്ച അനുകൂലമായാല്‍ സമരത്തിന്റെ ആവശ്യമില്ലല്ലോ. അനുകൂലമല്ലെങ്കില്‍ അതിനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. നിയമം പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ നടപടികള്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ചതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത സമരത്തിനില്ലെന്ന് വ്യക്തമാക്കിയ തങ്ങള്‍ പിന്നെയുള്ളത് പ്രതിഷേധമാണെന്നും പതിഷേധ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ലീഗെന്നല്ല, ഒരു പാര്‍ട്ടിയുമായി അകലമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. വഖഫ് വിഷയത്തിനെതിരെ ലീഗ് നടത്തുന്ന പ്രക്ഷോഭ റാലി രാഷ്ട്രീയമാണ്. മുസ്‌ലിം സംഘടനകളുടെ പൊതു കോഡിനേഷന്‍ കമ്മിറ്റി സമസ്തക്കില്ല. തങ്ങന്മാര്‍ വിളിക്കുമ്പോള്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്യുക എന്നതാണ് നിലപാടെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച്ച സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വഖഫ് നിയമന തീരുമാനം ഉടന്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. വിഷയത്തില്‍ വിശദമായ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും സമസ്ത കേരള ജമിയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. വഖഫ് വിവാദത്തില്‍ പ്രതിഷേധം ഉയര്‍ത്തിയ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള മറ്റ് സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചിരുന്നില്ല. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നായിരുന്നു സമസ്ത ഉയര്‍ത്തിയ പ്രധാന ആവശ്യം.

Next Story