Top

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച നടപടി; റിപ്പോര്‍ട്ടര്‍ ടിവി തീരുമാനം സ്വാഗതാര്‍ഹമെന്ന് വി ടി ബല്‍റാം

'കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ തയ്യാറാകരുത്. അതിനുള്ള അധികാരവും അനുവാദവും അദ്ദേഹത്തിനില്ല'

24 Oct 2022 11:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച നടപടി; റിപ്പോര്‍ട്ടര്‍ ടിവി തീരുമാനം സ്വാഗതാര്‍ഹമെന്ന് വി ടി ബല്‍റാം
X

കൊച്ചി: ഒരു വിഭാഗം മാധ്യമങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിലക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ തയ്യാറാകരുത്. അതിനുള്ള അധികാരവും അനുവാദവും അദ്ദേഹത്തിനില്ല. ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങളും വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കണമായിരുന്നു. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കാനുള്ള റിപ്പോര്‍ട്ടര്‍ ടിവിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും വി ടി ബല്‍റാം പറഞ്ഞു.

ഗവര്‍ണറുടെ നടപടി വ്യക്തമാക്കുന്നത് അസഹിഷ്ണുതയും അല്‍പ്പത്തരവുമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടാകുന്ന രാഷ്ട്രീയ പ്രവണതകളും അദ്ദേഹത്തെ നയിക്കുന്ന ചേതോവികാരവും തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് സാധിക്കണം. എല്ലാ തീരുമാനങ്ങള്‍ക്കും ഇന്നലെകളില്‍ ഒത്താശ ചെയ്തുകൊടുത്ത അവര്‍ക്ക് മുന്നില്‍ കീഴടങ്ങിക്കൊടുത്ത സര്‍ക്കാരിന്റെ ഉദാസീന സമീപനമാണ് ഗവര്‍ണര്‍ക്ക് വീണ്ടും മുന്നോട്ട് പോകാനുള്ള അവസരമുണ്ടാക്കിയതെന്നും ബല്‍റാം ആരോപിച്ചു.

കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനത്തെ ബഹിഷ്‌കരിക്കാന്‍ തയ്യാറാകണമായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും വി ടി ബല്‍റാം പറഞ്ഞു. തങ്ങളുടെ കൂട്ടത്തിലെ ചിലരെ മാറ്റിനിര്‍ത്തുന്നത് വിവേചനപരമാണ്, തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല എന്ന നിലപാട് സ്വീകരിക്കാന്‍ മറ്റ് മാധ്യമങ്ങള്‍ക്ക് കൂടി കഴിയണമായിരുന്നു. മലയാള മാധ്യമങ്ങളുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പെരുമാറ്റമാണ് ഉണ്ടായിരിക്കുന്നത്. തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട പ്രധാനപ്പെട്ട നാലോ അഞ്ചോ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സ്ഥലത്തേക്കാണ് മറ്റുള്ള മാധ്യമങ്ങള്‍ പോയിരിക്കുന്നത്. ഇക്കാര്യത്തില്‍ ആത്മപരിശോധന ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കാനുള്ള റിപ്പോര്‍ട്ടര്‍ ടിവി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ബല്‍റാം പറഞ്ഞു. 'ഇത്തരം നിലപാടുകള്‍ക്കെതിരെ ആര്‍ജ്ജവത്തോടെയുള്ള നിലപാട് ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്നെങ്കിലും ഉണ്ടാകുന്നതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. തന്റെയും പ്രസ്ഥാനത്തിന്റെയും പൂര്‍ണ പിന്തുണ ഉണ്ടാകും.

ഗവര്‍ണര്‍ സ്ഥാനത്തിന്റെ വില കൂടുതല്‍ കൂടുതല്‍ ഇടിച്ചുതാഴ്ത്താന്‍ കരാറെടുത്തതുപോലുള്ള നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ വ്യക്തമാക്കുന്നത്. ഭരണഘടനാമൂല്യമായിട്ടുള്ള തുല്യതയെ യാതൊരു കാരണവുമില്ലാതെ നിഷേധിക്കുന്ന തെറ്റായ സമീപനം കൂടി ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടാകുകയാണ്', വി ടി ബല്‍റാം റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കവെ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവി, മീഡിയാ വണ്‍, കൈരളി ന്യൂസ്, ജയ് ഹിന്ദ് ചാനലുകളെയാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഗവര്‍ണര്‍ ഒഴിവാക്കിയത്. എന്തുകൊണ്ടാണ് ഒരുവിഭാഗം മാധ്യമങ്ങളെ ഒഴിവാക്കിയതെന്ന് ഔദ്യോഗികമായി വിശദീകരിക്കാന്‍ ഗവര്‍ണറുടെ ഓഫീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇന്നത്തെ വാര്‍ത്താസമ്മേളനത്തിന് എത്തിയ മാധ്യമങ്ങളെ രാജ്ഭവന്റെ ഗേറ്റില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഗവര്‍ണറുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ പേരുള്ളവരെ മാത്രമാണ് അകത്തേക്ക് കയറ്റിവിട്ടത്. മനോരമ ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, ന്യൂസ് 18, ജനം ടിവി തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ മാത്രമാണ് അകത്തേക്ക് കയറ്റിവിട്ടത്. മാത്രമല്ല, പതിവു രീതി വിട്ട് രഹസ്യമായാണ് ഇന്നത്തെ വാര്‍ത്താസമ്മേളനം വിളിച്ചതും. ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്ന വിവരം തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിച്ചിരുന്നില്ല.

വിസിമാരുടെ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരെ ഇന്ന് രാവിലെ ഗവര്‍ണര്‍ അധിക്ഷേപിച്ചിരുന്നു. ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങള്‍ കേഡര്‍ മാധ്യമപ്രവര്‍ത്തകരാണെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. കേഡര്‍ മാധ്യമങ്ങളോട് പ്രതികരിക്കില്ല. യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാം. പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നാണ് ഗവര്‍ണര്‍ രാവിലെ പറഞ്ഞത്.

Story Highlights: VT Balram Supporting Reporter TV's Decision To Boycott Governor's Press Meet

Next Story