Top

'പുതിയ പിആറുകാര്‍ ഇതും നയരൂപീകരണമായി ചിത്രീകരിച്ച് നിര്‍വൃതിയടയും'; ഇടത് സര്‍ക്കാര്‍ സ്വകാര്യ നിക്ഷേപം തേടുന്നെന്ന വാര്‍ത്ത ചൂണ്ടി ബല്‍റാം

എല്‍ഡിഎഫ് രീതി ചാക്രികമായി തുടരുകയാണെന്ന് കെപിസിസി ഉപാദ്ധ്യക്ഷന്‍ പരിഹസിച്ചു

11 Nov 2022 7:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതിയ പിആറുകാര്‍ ഇതും നയരൂപീകരണമായി ചിത്രീകരിച്ച് നിര്‍വൃതിയടയും; ഇടത് സര്‍ക്കാര്‍ സ്വകാര്യ നിക്ഷേപം തേടുന്നെന്ന വാര്‍ത്ത ചൂണ്ടി ബല്‍റാം
X

തിരുവനന്തപുരം: സ്വകാര്യ നിക്ഷേപത്തെ ആകര്‍ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തേക്കുറിച്ചുള്ള വാര്‍ത്ത ചൂണ്ടി എല്‍ഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം. ആദ്യം എതിര്‍ക്കുകയും പിന്നീട് തിരുത്തുകയും ചെയ്യുന്ന എല്‍ഡിഎഫ് രീതി ചാക്രികമായി തുടരുകയാണെന്ന് കെപിസിസി ഉപാദ്ധ്യക്ഷന്‍ പരിഹസിച്ചു. 'എല്‍ഡിഎഫിന്റെ പൊതു വികസരേഖ വരും, സ്വകാര്യ, വിദേശ വായ്പ തേടാന്‍ എല്‍ഡിഎഫ്' എന്ന മലയാള മനോരമ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്.

'ഏത് കാര്യത്തിലും ആദ്യം തീര്‍ത്തും പിന്തിരിപ്പനും ലോക സാഹചര്യങ്ങളെ വിസ്മരിച്ചുകൊണ്ടുമുള്ള നയം സ്വീകരിക്കും. എന്നിട്ടതിനെ ന്യായീകരിക്കുന്നതിനായി ക്യാപ്‌സ്യൂളുകള്‍ ഇറക്കി നാടുനീളെ വമ്പന്‍ പ്രചരണങ്ങള്‍ നടത്തും. അതില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവരെ മുഴുവന്‍ മോശക്കാരായി ചാപ്പകുത്തും. എതിര്‍ക്കുന്നവരെ ചിലപ്പോള്‍ കായികമായി കൈകാര്യം ചെയ്യുക പോലും ചെയ്യും. ഒപ്പം നില്‍ക്കുന്ന പിആറുകാര്‍ ഇതൊക്കെ എന്തോ വലിയ കൊമ്പത്തെ ആശയ പോരാട്ടമായി ചിത്രീകരിച്ച് നിര്‍വൃതിയടയും.

എന്നിട്ട് ഒരു ഇരുപതോ മുപ്പതോ വര്‍ഷത്തിന് ശേഷം ആ പഴയ നിലപാടുകളൊക്കെ തിരുത്തും. എന്നിട്ടാ പുതിയ നിലപാടിനെ ന്യായീകരിക്കാനായി വീണ്ടും ക്യാപ്‌സ്യൂളുകളിറക്കി നാടുനീളെ വമ്പന്‍ പ്രചരണങ്ങള്‍ നടത്തും. ഒപ്പം നില്‍ക്കുന്ന പുതിയ പിആറുകാര്‍ ഇതിനെയും നാടിന് വേണ്ടിയുള്ള എന്തോ പുതിയ നയരൂപീകരണമായി ചിത്രീകരിച്ച് നിര്‍വൃതിയടയും. ദ് സൈക്കിള്‍ കണ്ടിന്യൂസ്,' കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

പിണറായി സര്‍ക്കാര്‍ വിദ്യാഭ്യാസ, കാര്‍ഷിക, വ്യവസായ മേഖലയില്‍ വന്‍ തോതില്‍ സ്വകാര്യ നിക്ഷേപത്തെ ആകര്‍ഷിക്കാനുള്ള വികസന രേഖ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിരുന്നു. സാമൂഹിക നിയന്ത്രണത്തിന് വിധേയമായി വിദേശ നിക്ഷേപം വേണമെന്നാണ് രേഖയിലെ ആവശ്യം. തുടര്‍ സംവാദങ്ങള്‍ വേണമെന്നതിനാല്‍ ഇന്നലെ രണ്ട് മണിക്കൂറോളം ചര്‍ച്ച ചെയ്ത രേഖയില്‍ തീരുമാനമായിട്ടില്ല. 'വിദേശ വായ്പകള്‍ അടക്കം വേണ്ടി വരുമ്പോള്‍ നാടിന്റെ പൊതുവായ താല്‍പര്യം ഹനിക്കുന്ന വായ്പ പാടില്ലെന്ന നയവും സ്വീകരിക്കാന്‍ കഴിയണം' എന്ന് രേഖയിലുണ്ട്.

സിപിഐഎം എറണാകുളം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള രേഖയുടെ ചുവടുപിടിച്ചാണ് പുതിയ രേഖ തയ്യാറാക്കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്നും ഇതിന് വേണ്ടി വരുന്ന വലിയ തോതിലുള്ള നിക്ഷേപം ഏത് തരത്തില്‍ സംഘടിപ്പിക്കണമെന്ന കാര്യം ആലോചിക്കണമെന്നും രേഖയിലുണ്ട്. സ്വകാര്യ സര്‍വ്വകലാശാലകളേക്കുറിച്ചുള്ള പരോക്ഷ പരാമര്‍ശമാണ് ഇതെന്ന് മുന്‍പ് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. വ്യവസായ പുരോഗതിക്ക് ഭൂമിയുടെ ലഭ്യതക്കുറവ് തടസമാകരുതെന്ന നിര്‍ദ്ദേശമാണ് മറ്റൊന്ന്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാത്ത ഭൂമി വ്യവസായ പാര്‍ക്കുകളാക്കി മാറ്റണമെന്നും സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുത്തും ഭൂമി വാങ്ങണമെന്നുമുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ചയാകും.

വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിനൊപ്പം പരമ്പരാഗത വ്യവസായ മേഖലയുടെ വളര്‍ച്ചയും മുന്നണിയോഗം ഇന്നലെ ചര്‍ച്ച ചെയ്തു. വികസന നയരേഖക്ക് ഈ മാസം അവസാന രൂപമാകും. അടുത്ത മൂന്നര വര്‍ഷത്തെ വികസന പദ്ധതികളാണ് മുന്നണി യോഗം ചര്‍ച്ച ചെയ്തത്. ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നയരേഖയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തും. അടുത്ത മുന്നണി യോഗം വികസന രേഖ അംഗീകരിക്കും.

story highlights: VT Balram s Facebook post sharing Malayalam Manorama news

Next Story