Top

'എൻഐഎ അന്വേഷിക്കണം, മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതണം'; എകെജി സെന്റർ ആക്രമണത്തിൽ വിടി ബൽറാം

ആക്രമണം ഇപി ജയരാജന്റെ നാടകമാണെന്നാണ് പ്രതിപക്ഷ ആരോപണം

1 July 2022 5:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എൻഐഎ അന്വേഷിക്കണം, മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതണം; എകെജി സെന്റർ ആക്രമണത്തിൽ വിടി ബൽറാം
X

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ പരിഹാസവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. സംഭവത്തിൽ എൻഐഎ അന്വേഷണം നടത്തണമെന്നും ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന് കത്തെഴുതണമെന്നും വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

'എകെ ഗോപാലന് സ്മാരകമുണ്ടാക്കാൻ സർക്കാർ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിലനിൽക്കുന്ന പാർട്ടി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ഒരു തീവ്രവാദ പ്രവർത്തനമാണ്. ഈ സംഭവം എൻ ഐ എ അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തെഴുതണം,' വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം കോൺ​ഗ്രസാണ് എകെജി സെന്റർ ആക്രമണത്തിന് പിന്നിലെന്നാണ് സിപിഐഎം ആരോപണം. എന്നാൽ ആരോപണത്തെ കോൺ​ഗ്രസ് നിഷേധിച്ചു. ഒരു പാര്‍ട്ടി ഓഫീസിന്റെ അകത്തേക്ക് ബോംബോ പടക്കമോ എറിയുന്നത് യുഡിഎഫിന്റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡ‍ി സതീശൻ പറഞ്ഞു. എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന് പിന്നിൽ ആരാണെന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. സർക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയത്തിൽ നിന്ന് വ്യതിചലിക്കണമെന്ന് ആ​ഗ്രഹിക്കുന്നവർ ആരാണോ അവരാണ് ആക്രമത്തിന് പിന്നിൽ എന്നും സതീശൻ ആരോപിച്ചു.

എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ നാടകമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. രാഹുൽ ​ഗാന്ധിയുടെ വയനാട് സന്ദർശനത്തിന്റെ പ്രതിച്ഛായ തകർക്കാൻ വേണ്ടി ഇപി ജയരാജൻ വ്യക്തിപരമായി ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നും ഇതിൽ സിപിൈഎമ്മിന് പങ്കുണ്ടെന്ന് പറയുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. സംഭവം നേരിട്ട് കണ്ടത് പോലെയാണ് ഇപി ജയരാജൻ കോൺ​ഗ്രസിന് മേൽ കുറ്റമാരോപിക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂർ എയർപോർട്ടിൽ രാഹുൽ ​ഗാന്ധിയെ സന്ദർശിക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Story Highlight: VT Balram mocks akg center attack incident

Next Story