'സാദാ കിറ്റില്‍ വോട്ട് പിപിഇ കിറ്റില്‍ നോട്ട്'; വി ടി ബല്‍റാമിന്റെ 'ഹൈക്കു കവിത'
'സാദാ കിറ്റില്‍ വോട്ട് പിപിഇ കിറ്റില്‍ നോട്ട്' എന്ന അവസാന വരിയില്‍ ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കിറ്റ് വിതരണവും പരാമര്‍ശിക്കുന്നു.
15 Oct 2022 10:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന പരാതിയില്‍ ലോകായുക്ത അന്വേഷണം നേരിടുന്ന മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ പരിഹസിച്ച് വിടി ബല്‍റാമിന്റെ 'ഹൈക്കു കവിത'. 'എന്റെ പിള്ളേരെ തൊടുന്നോടാ' എന്ന കാര്‍ട്ടൂണ്‍ ചിത്രത്തോടൊപ്പമാണ് വിടി ബല്‍റാം തന്റെ ഹൈക്കു കവിത ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് മാഗ്സസെ പുരസ്കാരത്തിന് അര്ഹയായതുള്പ്പെടെ ചൂണ്ടികാട്ടിയാണ് ബല്‍റാം മൂന്ന് വരി കവിത പങ്കുവെച്ചത്. 'സാദാ കിറ്റില്‍ വോട്ട് പിപിഇ കിറ്റില്‍ നോട്ട്' എന്ന അവസാന വരിയില്‍ ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കിറ്റ് വിതരണവും പരാമര്‍ശിക്കുന്നു.
വിടി ബല്‍റാമിന്റെ ഹൈക്കു കവിത
'അമേരിക്കയില്‍ ശ്വാസം കിട്ടാത്തവരുടെ ആര്‍ത്തനാദം
വാഷിംഗ്ടണ്‍ പോസ്റ്റില്‍ തൂങ്ങിയാടുന്ന മഗ്സാസെ പട്ടം
സാദാ കിറ്റില്‍ വോട്ട് പിപിഇ കിറ്റില്‍ നോട്ട്
- 'മരണത്തിന്റെ വ്യാപാര സാധ്യത'
(ഹൈക്കു കവിത)'
കൊവിഡിന്റെ ഒന്നാം ഘട്ടത്തില്‍ പിപിഇ കിറ്റ് അടക്കം വാങ്ങിയതില്‍ അഴിമതി നടത്തിയെന്നാണ് മുന്‍ ആരോഗ്യമന്ത്രിയും സെക്രട്ടറിയും അടക്കമുള്ളവര്‍ക്കെതിരായ പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണയുടെ പരാതിയിലാണ് ലോകായുക്ത അന്വേഷണം. തുടര്‍ന്ന് എംഎല്‍എക്ക് കോടതി നോട്ടീസ് അയച്ചു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേരള മെഡിക്കല്‍ സര്‍വീസസ് അസോസിയേഷന് (കെഎംഎസ്സിഎല്) ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.
450 രൂപയുളള പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയെന്ന് പരാതി. കൊവിഡിന്റെ തുടക്ക കാലത്ത് വിപണി വിലയുടെ മൂന്നിരട്ടി വിലക്ക് സ്വകാര്യ കമ്പനിയില്‍ നിന്നടക്കം പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്നും 1,550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങാനുള്ള ഫയലില്‍ അന്നത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കു പുറമേ തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടിരുന്നുവെന്ന് രേഖകളില്‍ പറയുന്നു.
446 രൂപയ്ക്ക് ഒരു കമ്പനിയില്‍ നിന്നും പിപിഇ കിറ്റ് പര്‍ച്ചേസ് ചെയ്തതിന് പിന്നാലെയാണ് സാന്‍ഫാര്‍മയില്‍ നിന്നും മൂന്നിരട്ടി വിലയ്ക്ക് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ നിബന്ധനങ്ങള്‍ പ്രകാരം കേരളാ മെഡിക്കല്‍ കോര്പ്പറേഷന് അംഗീകാരം ആവശ്യമാണ്. ഇതുപ്രകാരമാണ് ആരോഗ്യമന്ത്രി ഫയലിന് അംഗീകാരം നല്‍കിയത്.
2020 മാര്‍ച്ച് 29നാണ് കെയ്റോണില്‍ നിന്നും പിപിഇ കിറ്റ് വാങ്ങുന്നത്. തൊട്ടടുത്ത ദിവസം മാര്‍ച്ച് 30നാണ് സാന്‍ഫാര്‍മയില്‍ നിന്നും കിറ്റ് വാങ്ങിയത്. 1,550 രൂപ എന്ന നിരക്കില്‍ സാന്‍ഫാര്‍മയില്‍നിന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി 50,000 പിപിഇ കിറ്റുകളാണ് വാങ്ങിയത്. കൂടാതെ 446.25 രൂപയ്ക്ക് കെയ്റോണില്‍ നിന്നും കിറ്റ് വാങ്ങി. ഇതേ ദിവസം തന്നെ ന്യൂകെയര്‍ ഹൈജീന്‍ പ്രോഡക്ട് എന്ന മറ്റൊരു കമ്പനിയില്‍നിന്നും പിപിഇ കിറ്റ് പര്‍ച്ചേസ് നടത്തിയിരുന്നു. ഈ കമ്പനി കിറ്റിന് 475.25 രൂപയാണ് ഈടാക്കിയതെന്നും രേഖകളില്‍ പറയുന്നു. വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ ലഭ്യമാണെന്ന അറിവുണ്ടായിട്ടും വന്‍തുക നല്‍കിയാണ് മറ്റ് രണ്ട് കമ്പനികളില്‍നിന്ന് പര്‍ച്ചേസ് നടത്തിയിരിക്കുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. അഡ്വ. സി ആര് പ്രാണകുമാര്‍ നല്കിയ വിവരാവകാശ അപ്പീലിലാണ് രേഖകള്‍ ലഭിച്ചത്.