Top

'മറ്റൊരു കണ്ണൂര്‍ക്കാരന്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ ഇങ്ങനെ വരച്ചോ?'; ഖാര്‍ഗെയെ ഗൂര്‍ഖയാക്കിയ കാര്‍ട്ടൂണിനെതിരെ ബല്‍റാം

ചെറിയകുട്ടിയുടെ രൂപത്തിലാണ് രാഹുൽ ​ഗാന്ധിയെ ചിത്രീകരിച്ചിരിക്കുന്നത്

20 Oct 2022 7:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മറ്റൊരു കണ്ണൂര്‍ക്കാരന്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ ഇങ്ങനെ വരച്ചോ?; ഖാര്‍ഗെയെ ഗൂര്‍ഖയാക്കിയ കാര്‍ട്ടൂണിനെതിരെ ബല്‍റാം
X

തൃശൂർ: കോൺ​ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർ​ഗെയെ ​ഗൂർഖയാക്കി ചിത്രീകരിച്ച കാർട്ടൂണിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. കേരളാ കൗമുദി പത്രത്തിലെ കാർട്ടൂണിസ്റ്റ് ടി കെ സുജിത്ത് വരച്ച കാർട്ടൂൺ പങ്കുവെച്ചാണ് ബല്‍റാമിന്റെ വിമർശനം.

മോദി-ഷാ കമ്പനിയുടെ തീരുമാനപ്രകാരം ജെപി നദ്ദ അവരുടെ പാർട്ടിയുടെ അദ്ധ്യക്ഷനായപ്പോഴും ഇങ്ങനെയൊരു കാർട്ടൂൺ കണ്ടില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ഒരു കണ്ണൂർകാരന് പകരം മറ്റൊരു കണ്ണൂർകാരൻ സെക്രട്ടറിയായപ്പോൾ ഇങ്ങനെ വരച്ചിരുന്നോ എന്നും ബൽറാം ചോദിച്ചു. ഇത് അറിയാൻ തനിക്ക് കൗതുകമുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ബൽറാം പറഞ്ഞു. ​

ഗൂർഖയുടെ വേഷത്തിലാണ് കാർട്ടൂണിൽ മല്ലികാർജുൻ ഖാർ‌​ഗെയെ ടികെ സുജിത്ത് ചിത്രീകരിച്ചിരിക്കുന്നത്. ഖാർ​ഗെയുടെ പുറത്തിരിക്കുന്ന രാഹുൽ ​ഗാന്ധിയേയും കാണാം. ചെറിയകുട്ടിയുടെ രൂപത്തിലാണ് രാഹുൽ ​ഗാന്ധിയെ ചിത്രീകരിച്ചിരിക്കുന്നത്.

സോണിയാ ​ഗാന്ധി ​'ഗൂർഖെ..' എന്ന് ഖാർ​ഗെയെ വിളിക്കുമ്പോൾ രാഹുൽ ​ഗാന്ധിയെ പുറത്ത് ഇരുത്തി സോണിയാ ​ഗാന്ധിക്ക് മുമ്പിൽ ഭവ്യതയോടെ മുട്ട് കുത്തിയിരിക്കുന്ന ഖാർ​ഗെ 'ഹം കോ കൊച്ചുകുട്ടികള്‍ ബഹുത്ത് ജീവന്‍ ഹേ മേം സാബ്..' എന്ന് മറുപടി പറയുന്നതാണ് കാർട്ടൂൺ.




കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇനി തന്റെ ചുമതല പുതിയ അദ്ധ്യക്ഷന്‍ തീരുമാനിക്കും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇത് ഇതിവൃത്തമാക്കിയാണ് കാർട്ടൂൺ വരച്ചിട്ടുളളത്. ഒരു പാർട്ടി ജനാധിപത്യപരമായി പരിണതപ്രജ്ഞനായ മുതിർന്ന നേതാവിനെ അഖിലേന്ത്യാ അധ്യക്ഷനായി തെരഞ്ഞെടുക്കുന്നു. ആ പുതിയ അദ്ധ്യക്ഷനു കീഴിൽ ഏത് ഉത്തരവാദിത്തവും ഏറ്റെടുത്ത് പ്രവർത്തിക്കാമെന്ന് മുൻ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ കൂടിയായ ജനപ്രിയ നേതാവ് സന്നദ്ധതയറിയിക്കുന്നു. ഇതിനെയാണ് ഒരു കാർട്ടൂണിസ്റ്റ് ഇങ്ങനെയൊക്കെ ചിത്രീകരിച്ചു വയ്ക്കുന്നതെന്ന് വിടി ബൽറാം വിമർശിച്ചു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കും മുമ്പായിരുന്നു തന്റെ സ്ഥാനത്തെ പറ്റി മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ചോദിക്കണമെന്ന രാഹുലിന്റെ പ്രതികരണം.'എനിക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ചുമതലയെക്കുറിച്ച് അഭിപ്രായം പറയാനാകില്ല. അത് പറയേണ്ടത് ഖാര്‍ഗെയാണ്. എന്റെ റോള്‍ എന്താണെന്ന് ഖാര്‍ഗെ തീരുമാനിക്കും', രാഹുല്‍ പറഞ്ഞു. എന്തായിരിക്കും പാര്‍ട്ടിയില്‍ രാഹുലിന്റെ പുതിയ ചുമതല എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു രാഹുൽ ​ഗാന്ധിയുടെ മറുപടി.



STORY HIGHLIGHTS: VT Balram against the cartoon that made Kharge as a Gurkha

Next Story