Top

'പരാമര്‍ശം അപകീര്‍ത്തിയെന്നത് ഉമ്മന്‍ചാണ്ടിയുടെ തോന്നല്‍'; അപ്പീല്‍ നല്‍കുമെന്ന് വിഎസ്

രേഖകള്‍ ഒന്നും തന്നേ ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരാക്കുകയോ തെളിയിക്കുകയോ ചെയ്തിട്ടില്ലെന്നും വിഎസ്

26 Jan 2022 1:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരാമര്‍ശം അപകീര്‍ത്തിയെന്നത് ഉമ്മന്‍ചാണ്ടിയുടെ തോന്നല്‍; അപ്പീല്‍ നല്‍കുമെന്ന് വിഎസ്
X

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ അപകീര്‍ത്തിക്കേസിലെ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വിഎസ് അച്യുതാനന്ദന്‍. വസ്തുതകള്‍ പരിഗണിക്കാതെയാണ് കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് വിഎസ് പറഞ്ഞു.

കീഴ്‌കോടതിയുടെ വിധി യുക്തി സഹമല്ല. വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകള്‍ വിലയിരുത്തിയുള്ള നടപടിക്രമങ്ങളായിരുന്നു കോടതി അവലംബിക്കേണ്ടിയിരുന്നതെന്നും വിഎസ് വ്യക്തമാക്കി. കീഴ്‌കോടതിയില്‍ നിന്നും നീതി കിട്ടണമെന്നില്ലെന്നത് മുന്‍കാല പോരാട്ടങ്ങളില്‍ കണ്ടതാണ്. പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപരമാണെന്നത് ഉമ്മന്‍ചാണ്ടിയുടെ വ്യക്തിപരമായ തോന്നലാണെന്നും വിഎസ് പറഞ്ഞു.

വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത്: സോളാര്‍ അഴിമതിയില്‍ ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെപറ്റി 'റിപ്പോര്‍ട്ടര്‍ ചാനല്‍' അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രീ. ഉമ്മന്‍ ചാണ്ടിക്ക് അപകീര്‍ത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ.വി .എസ്സ് പറഞ്ഞ കാര്യങ്ങള്‍ അടങ്ങിയ മുഖാമുഖം രേഖകള്‍ ഒന്നും തന്നേ ശ്രീ.ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല.

എന്നാല്‍ ശ്രീ.ഉമ്മന്‍ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും തുടര്‍ന്ന് ഗവണ്മെന്റ് റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് ശ്രീ.ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ എടുത്ത നടപടി റിപ്പോര്‍ട്ടും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാര്‍ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്. ഈ വസ്തുതകള്‍ ഒന്നും പരിഗണിക്കാതെയുള്ള 22/01/2022 ലെ ബഹുമാനപ്പെട്ട സബ്‌കോടതി വിധിക്കു എതിരെ അപ്പീല്‍ നടപടി സ്വീകരിക്കുമെന്ന് വി.എസ്സിന്റെ ഓഫീസ് അറിയിച്ചു.

കോടതി വ്യവഹാരങ്ങളില്‍ നീതി എപ്പോഴും കീഴ്‌കോടതിയില്‍ നിന്നും കിട്ടി കൊള്ളണമില്ലെന്ന മുന്‍കാല നിയമപോരാട്ടങ്ങളില്‍ പലതിലും കണ്ടതാണ്. സോളാര്‍ കേസില്‍ ശ്രീ.ഉമ്മന്‍ ചാണ്ടിക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രീ.ഉമ്മന്‍ ചാണ്ടിക്ക് അപകീര്‍ത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നല്‍ ആണ്. പരാമര്‍ശങ്ങള്‍ക്ക് അടിസ്ഥാനമായ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ശ്രീ.ഉമ്മന്‍ ചാണ്ടിതന്നെ ഹൈക്കോടതിയില്‍ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നു.

സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയ വസ്തുതകള്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പൊതുശ്രദ്ധയില്‍ കൊണ്ട് വരുന്നത് പൊതു പ്രവര്‍ത്തകന്‍ എന്ന കര്‍ത്തവ്യബോധം മുന്‍നിര്‍ത്തി ഉള്ളത് ആണ് എന്ന് അപ്പീല്‍ കോടതി കണ്ടെത്തും എന്ന് ഉറപ്പ് ഉള്ളതിനാലും, കീഴ്‌കോടതിയുടെ വിധി യുക്തി സഹമല്ലാത്തതിനാലും ഇത് കീഴ്‌കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകള്‍ വിലയിരുത്തിയുള്ള നടപടിക്രമങ്ങള്‍ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായം കൂടി അപ്പീല്‍ കോടതി നടത്തും എന്ന പ്രത്യാശയില്‍, അപ്പീല്‍ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് ഓഫീസ് അറിയിച്ചു.

2013 ജൂലൈ ആറിന് റിപ്പോര്‍ട്ടര്‍ ടിവി അഭിമുഖത്തിലാണ് വിഎസ്, ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. കേസില്‍ കഴിഞ്ഞ ദിവസമാണ് പത്തുലക്ഷത്തി പതിനായിരം രൂപ വിഎസ്, ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടത്.

Next Story