Top

'ഗോൾവാൾക്കറുടെ ചിത്രത്തിന് വിളക്ക് കൊളുത്താനല്ല വിഎസ് പോയത്'; വിവേകാനന്ദനെ ആർഎസ്എസിന്റെ കുടക്കീഴിലാക്കുന്നതിന് എതിരെയായിരുന്നെന്ന് പി രാജീവ്

12 July 2022 10:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോൾവാൾക്കറുടെ ചിത്രത്തിന് വിളക്ക് കൊളുത്താനല്ല  വിഎസ് പോയത്; വിവേകാനന്ദനെ ആർഎസ്എസിന്റെ കുടക്കീഴിലാക്കുന്നതിന് എതിരെയായിരുന്നെന്ന് പി രാജീവ്
X

തിരുവനന്തപുരം: സ്വാമി വിവേകാനന്ദനെ ആർഎസ്എസിന്റെ കുടക്കീഴിലാക്കുന്നതിന് എതിരെയാണ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാന്ദൻ സംസാരിച്ചതെന്ന് നിയമ മന്ത്രി പി രാജീവ്. ഗോൾവാൾക്കറുടെ ചിത്രത്തിന് വിളക്ക് കൊളുത്താനല്ല അദ്ദേഹം പോയതെന്നെന്നും അദ്ദേഹം പറഞ്ഞു. 2013ല്‍ വി ഡി സതീശന്‍ ആര്‍എസ്എസ് വേദിയിലെത്തിയത് വിവാദമായതോടെ പ്രതിരോധിക്കാൻ വി എസ് അച്യുതാനന്ദൻ ഭാരതീയ വിചാരകേന്ദ്രം ചടങ്ങില്‍ പങ്കടുത്ത ചിത്രങ്ങൾ പ്രതിപക്ഷം പങ്കുവച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം പുറത്ത് വിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

"വിവേകാനന്ദനെ ആർ എസ് എസിൻ്റെ കുടക്കീഴിലാക്കാൻ അനുവദിക്കില്ല എന്നാണ് സഖാവ് വി എസ് പറഞ്ഞത്. ഈ പ്രസംഗവും മാധ്യമങ്ങളിൽ ലഭ്യമാണ്. ഒരു സ്വയം സേവകൻ്റെ അച്ചടക്കത്തോടെ ശിരസ് കുനിച്ച് ഗോൾവാക്കറിന് മുന്നിലുള്ള വിളക്ക് കൊളുത്തുകയല്ലല്ലോ വി എസ് ചെയ്തത്. പ്രതിപക്ഷ നേതാവിന് കഴിയുമെങ്കിൽ ആ വേദിയിൽ നടത്തിയ പ്രസംഗം പുറത്തുവിടുകയാണ് വേണ്ടത്. വിളക്ക് കൊളുത്തിയതിനെക്കുറിച്ച് ചോദിക്കുമ്പോൾ പ്രതിപക്ഷനേതാവ് മറുപടി പറയുന്നില്ലല്ലോ." മന്ത്രി പറഞ്ഞു.

2013 മാര്‍ച്ച് 24ന് തൃശൂര്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു സതീശൻ വിശിഷ്ട അതിഥിയായി പങ്കെടുത്തത്. 'സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും' എന്ന പ്രകാശനച്ചടങ്ങിനൊപ്പം ഭാരതീയ വിചാരകേന്ദ്രത്തിന്റെ ജില്ലാ സമ്മേളനവും അന്ന് നടന്നിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് 20 മിനുറ്റോളം പ്രസംഗിക്കുകയും ചെയ്തിരുന്നു.

ചിത്രങ്ങൾ പ്രചരിച്ചതോടെ വി ഡി സതീശനെതിരെ നിരവധി നേതാക്കൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ആര്‍എസ്എസ് ചിന്താഗതിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചാണ് സതീശന്‍ അന്ന് സംസാരിച്ചതെന്നും പ്രതിപക്ഷ നേതാവ് ഇപ്പോള്‍ നടത്തുന്നത് ആത്മവഞ്ചനയാണെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സദാനന്ദന്‍ ആരോപിച്ചു. സംഘപരിവാറുമായി കോണ്‍ഗ്രസ് നേതൃത്വം കാത്തു സൂക്ഷിക്കുന്ന ബന്ധത്തിന്റെ തെളിവുകളാണ് പുറത്തുവന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ചിത്രങ്ങളെന്ന് ഡ‍ിവൈഎഫ്ഐയും വിമർശിച്ചു.

STORY HIGHLIGHT: 'VS Achuthanandan did not go to light Golwalkar's picture'; P rajeev said he was against bringing Vivekananda under the umbrella of RSS

Next Story