Top

'ബാങ്കിംഗ് ഇടപാടുകളില്‍ റിസര്‍വ്വ് ബാങ്കിനാണ് നിയന്ത്രണം'; മൂവാറ്റുപുഴ ജപ്തിയില്‍ റിപ്പോര്‍ട്ട് തേടിയെന്ന് സഹകരണ മന്ത്രി

'ജപ്തിയുടെ സാഹചര്യമുണ്ടായാല്‍ താമസിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തിയ ശേഷം നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്'

4 April 2022 10:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാങ്കിംഗ് ഇടപാടുകളില്‍ റിസര്‍വ്വ് ബാങ്കിനാണ് നിയന്ത്രണം; മൂവാറ്റുപുഴ ജപ്തിയില്‍ റിപ്പോര്‍ട്ട് തേടിയെന്ന് സഹകരണ മന്ത്രി
X

തിരുവനന്തപുരം: സാധാരണക്കാരുടെ കിടപ്പാടം ജപ്തി ചെയ്യുന്ന നടപടി ഒഴിവാക്കണമെന്ന് സഹകരണ ബാങ്കുകള്‍ക്ക് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. ജപ്തിയുടെ സാഹചര്യമുണ്ടായാല്‍ താമസിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തിയ ശേഷം നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ സംഘത്തിലുണ്ടായ സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. അര്‍ബന്‍ ബാങ്കുകളില്‍ ഭരണപരമായ കാര്യങ്ങളില്‍ മാത്രമാണ് സഹകരണ രജിസ്ട്രാര്‍ക്ക് ചുമതലയുള്ളത്. ബാങ്കിംഗ് ഇടപാടുകള്‍ റിസര്‍വ്വ് ബാങ്കിനാണ് നിയന്ത്രണം. അതുകൊണ്ടു തന്നെ ആര്‍ബിഐ ചട്ടങ്ങള്‍ അനുസരിച്ചാണ് മൂവാറ്റുപുഴ നടപടി സ്വീകരിച്ചത്. സര്‍ഫാസി നിയമം ബാധകമാക്കിയായിരുന്നു നടപടി. പലതവണ നിയമപരമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും വായ്പക്കാരനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തത്. വായ്പക്കാരന്‍ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ താക്കോല്‍ മടക്കി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയും മടക്കി നല്‍കുകയും ചെയ്തതായി ബാങ്ക് പ്രസിഡന്റ് അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക വിവരം ശേഖരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്. വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം, ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് കാണിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്കിന് കത്ത് നല്‍കി. ഗൃഹനാഥന്‍ അജേഷ് ബാങ്കില്‍ തിരിച്ചടയ്ക്കാനുള്ള 1,75,000 രൂപ താന്‍ നല്‍കാം എന്ന് കാണിച്ചുള്ള കത്താണ് ബാങ്കിന് കൈമാറിയത്. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കരുതെന്നും എംഎല്‍എ ബാങ്കിനോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ ഇറക്കിവിട്ടതിനെതിരെ ബാങ്കിനെതിരെ കേസ് നല്‍കാനും ആലോചിക്കുന്നുണ്ട്.

ശനിയാഴ്ചയാണ് മൂവാറ്റുപുഴയിലെ പായിപ്രയില്‍ കുട്ടികള്‍ മാത്രം താമസിക്കുന്ന വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. ദളിത് കുടുംബത്തിലെ ഗൃഹനാഥനും കുട്ടികളുടെ അമ്മയും ആശുപത്രിയിലായിരിക്കെയാണ് വീട് ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതരെത്തിയത്. ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാല്‍ എംഎല്‍എ തന്നെ വീട് പൊളിച്ച് വീട് തുറന്നു കൊടുക്കുകയായിരുന്നു. കുടുംബത്തിന്റെ കടബാധ്യത മാത്യു കുഴല്‍നാടന്‍ നേരത്തെ അറിയിച്ചിരുന്നു.

STORY HIGHLIGHTS: VN Vasavan reaction on Muvattupuzha Foreclosure act

Next Story