'ആളുകള്‍ എന്നെ വിളിച്ച് കരയുകയാണ്, വിമര്‍ശിക്കുന്നവര്‍ അദ്ദേഹത്തിന്റെ നല്ല മനസ്സ് കാണാതെ പോവരുത്'; മന്ത്രി വിഎന്‍ വാസവന്
2 Feb 2022 6:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവാ സുരേഷിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന പ്രചരണത്തില്‍ പ്രതികരണവുമായി മന്ത്രി വിഎന്‍ വാസവന്. ജീവിതം മുഴുവന്‍ സമൂഹിക നന്മകള് ചെയ്ത വ്യക്തിയാണ് വാവാ സുരേഷ്. പാമ്പ് കടിയേറ്റിട്ടും മറ്റുള്ളവരെ പാമ്പ് കടിക്കരുതെന്ന് കരുതിയാണ് പാമ്പിനെ വീണ്ടും പിടിച്ച ശേഷം ആശുപത്രിയില്‍ പോയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിരവധി പേര് വാവാ സുരേഷിന്റെ വിവരമന്വേഷിച്ച് തന്നെ വിളിക്കുന്നുണ്ടെന്നും മന്ത്രി റിപ്പോര്‍ട്ടര്‍ ടിവിയോട് വ്യക്തമാക്കി.
"അദ്ദേഹത്തിന്റെ പ്രതിബന്ധത എപ്പോഴും സമൂഹത്തോടാണ്. അത് നമ്മള് കാണാതെ പോവരുത്. ചിലയാളുകളെല്ലാം അദ്ദേഹത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പല പ്രചരണങ്ങളും നടത്തുന്നുണ്ട്. സുഖമില്ലാതെ കഴിഞ്ഞപ്പോഴും പാമ്പിനെ പിടിക്കാന്‍ വിളിച്ചപ്പോള്‍ വന്ന ആ മനസ്സ് കാണാതിരുന്നുകൂട. കിട്ടുന്ന പ്രതിഫലമെല്ലാം അയാള്‍ അനാഥാലയങ്ങള്‍ക്കും പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്കും കൊടുക്കുകയായിരുന്നു. കടിയേറ്റിട്ടും ആ പാമ്പ് മറ്റൊരാളെ കടിക്കാതിരിക്കാനാണ് അതിനെ പിടികൂടിയത്. ആ ഉന്നതമായ സാമൂഹ്യ ബോധവും മനുഷ്യസ്നേഹവും നമ്മള് കാണാതിരുന്നു കൂടാ," മന്ത്രി പറഞ്ഞു.
"നിരവധി പേരാണ് വാവാ സുരേഷിന്റെ സ്ഥിതി അന്വേഷിച്ച് വിളിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്ക് ഒരു വല്യമ്മച്ചി വിളിച്ച് കരയുകയാണ്. എങ്ങനെയെങ്കിവും വാവ സുരേഷിനെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട്. വൈകുന്നേരം ഷൊര്‍ണൂരില്‍ നിന്നൊരാള്‍ വിളിച്ച് പറഞ്ഞത് ഈ സംഭവത്തിന് ശേഷം ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ്. കേരളത്തിന്റെ ഓരോ ഭാഗത്തു നിന്നും നിരവധി പേരാണ് വിളിക്കുന്നത്. അദ്ദേഹത്തിന് ഇത്ര ആരാധകരുണ്ടെന്ന് ഇപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത്," മന്ത്രി പറഞ്ഞു.
അതേസമയം വാവ സുരേഷിന്റെ പാമ്പ് പിടുത്ത രീതികള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ശക്തമായ വിമര്‍ശനങ്ങളാണുയരുന്നത്. പാമ്പുകളെ കൈകാര്യം ചെയ്യുന്നത് കൃത്യമായ ശാസ്ത്രീയ മുന്നൊരുക്കങ്ങളും സ്നേക് ഹുക്ക് പോലെയുള്ള സുരക്ഷക്രമീകരണങ്ങള്‍ വഴിയുമാണ്. പാമ്പിനെ പിടിക്കാന്‍ ശാസ്ത്രീയമായി പരിശീലനം നേടിയവര്‍ വനംവകുപ്പിലുണ്ട്. അനിവാര്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചെയ്യേണ്ട ഈ ജോലി ഒരു പ്രകടനമാക്കി മാറ്റുകയാണ് വാവ സുരേഷ് എന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്രകടനങ്ങള്‍.
തിങ്കളാഴ്ച രാവിലെ കോട്ടയം കുറിച്ചി പാട്ടശേരിയില്‍ വെച്ചാണ് വാവ സുരേഷിനെ പാമ്പ് കടിച്ചത്. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിയേല്‍ക്കുകയായിരുന്നു. നാല് തവണ പാമ്പ് ചാക്കില്‍ നിന്നും പുറത്തു കടന്നു. അഞ്ചാം തവണയും ചാക്കില്‍ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്. കടിയേറ്റിട്ടും സുരേഷ് കൈയ്യില്‍ നിന്നും പിടിവിട്ടു പോയ പാമ്പിനെ പിടിച്ച് കാര്‍ഡ് ബോര്‍ഡ് ബോക്സിലാക്കി തന്റെ കാറില്‍ കൊണ്ട് വെച്ചു. പിന്നെ കാലില്‍ കടിയേറ്റ ഭാഗം വെള്ളം കൊണ്ട് കഴുകി രക്തം ഞെക്കിക്കളഞ്ഞു. തുണി കൊണ്ട് മുറിവ് കെട്ടിയ ശേഷം ആശുപത്രിയിലേക്ക് പോയി. സുരേഷിന്റെ കാറില്‍ തന്നെയായിരുന്നു ആശുപത്രിയിലേക്ക് പോയത്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് വഴിയറിയാത്തതിനാല്‍ നിജുവിന്റെ കാറിലേക്ക് സുരേഷിനെ കയറ്റി. എന്നാല്‍ വഴി മധ്യ സുരേഷ് അവശ നിലയിലായി. ആശുപത്രിയിലെത്തിച്ച വാവ സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ഗുരുതര അവസ്ഥയിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമായിരുന്നു.വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു.
- TAGS:
- VAVA SURESH
- VN Vasavan