Top

'മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ പ്രതിഭാശാലിയാണ് വിഎം കുട്ടി'; മുഖ്യമന്ത്രി

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിഎം കുട്ടിയുടെ അന്ത്യം.

13 Oct 2021 5:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ പ്രതിഭാശാലിയാണ് വിഎം കുട്ടി; മുഖ്യമന്ത്രി
X

മാപ്പിളപ്പാട്ടിനെ പുതിയ ഔന്നത്യങ്ങളിലേക്ക് നയിക്കുകയും ജനകീയമാക്കുകയും ചെയ്ത പ്രതിഭാശാലിയാണ് വി എം കുട്ടിയുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരന്‍ വിഎം കുട്ടിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ചുളള സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. 'ആയിരത്തിലേറെ പാട്ടുകള്‍ക്ക് സംഗീതം നല്‍കുകയും ആലപിക്കുകയും ചെയ്ത വി എം കുട്ടി ചലച്ചിത്ര മേഖലയിലും തന്റെ സാന്നിധ്യമറിയിച്ചു. അതുവഴി മാപ്പിളപ്പാട്ടിന് കേരളത്തിലുടനീളം പ്രചാരം നല്‍കാനും ആസ്വാദകരെ സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു' എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും അനുശോചനത്തില്‍ പങ്കുചേര്‍ന്നു. മോയിന്‍കുട്ടി വൈദ്യരെപ്പോലെ മാപ്പിളപ്പാട്ടിനെ ജനകീയനാക്കിയ ഗായകനാണ് യാത്രയായതെന്ന് മന്ത്രി പറഞ്ഞു. 'മാപ്പിളകലാരംഗത്തെ സമഗ്രസംഭാവനക്ക് ഫോക്ക്‌ലോര്‍ അക്കാദമി കഴിഞ്ഞ വര്‍ഷം നല്‍കിയ പുരസ്‌കാരം ആറു പതിറ്റാണ്ടിലേറെ നീണ്ട ആ ഗാന സപര്യയ്ക്ക് കേരളം നല്‍കിയ ആദരമായിരുന്നു. എക്കാലത്തും പുരോഗമനപ്രസ്ഥാനങ്ങളോട് വിഎം കുട്ടി തോളോടു തോള്‍ ചേര്‍ന്നു നിന്നതും ഓര്‍ക്കുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ലോകമെങ്ങുമുള്ള മാപ്പിളപ്പാട്ടാസ്വാദകരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും മന്ത്രി അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു.'

നിര്യാണത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയും നിയമസഭാ സ്പീക്കര്‍ എം ബി രാജേഷും അനുശോചനമറിയിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിഎം കുട്ടിയുടെ അന്ത്യം. 86 വയസായിരുന്നു അദ്ദേഹത്തിന്. മൃതദേഹം ഇന്ന് ഉച്ചക്ക് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് 5 മണിക്ക് പുളിക്കലിലാണ് ഖബറകടക്കം.

Popular Stories

    Next Story