'റീ പോസ്റ്റ്മോര്‍ട്ടത്തിന് എതിര്‍പ്പില്ല'; റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ തെളിവുണ്ടെന്ന് പിതാവ്
30 April 2022 5:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം ആവശ്യമങ്കില്‍ റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തയ്യാറാണെന്ന് കുടുംബം. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും എതിരെ തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് റാഷിദിന്റെ പ്രതികരണം. വിഷയത്തില്‍ മന്ത്രി എകെ ശശീന്ദ്രനെ കണ്ട് പരാതി നല്കിയ ശേഷം മാധ്യമങ്ങളോട് ആയിരുന്നു കുടുംബത്തിന്റെ പ്രതികരണം.
റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഭര്‍ത്താവ് മെഹ്നുവിന് എതിരെ തങ്ങളുടെ പക്കല്‍ തെളിവുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ട്. മെഹ്നാസ് പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. പൊലീസ് ഇവരെ ചോദ്യം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മരണത്തില്‍ ദുരൂഹതയാരോപിച്ച് റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു 306, 498 എ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. ശാരീരികവും മാനസികവുമായ പീഡനം റിഫയുടെ മരണത്തിന് കാരണമായെന്ന് പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
റിഫ മെഹ്നുവിന്റെ മരണത്തില്‍ കേസെടുത്തതിന് പിന്നാലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുന്നതിനിടെ ആണ് ആവശ്യമെങ്കില്‍ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന തരത്തില്‍ പൊലീസ് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഇത്തരം നടപടികളോട് എതിര്‍പ്പില്ലെന്ന് കുടുംബം നിലപാട് എടുക്കുന്നത്. പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയെന്ന് റിഫയുടെ പിതാവ് പ്രതികരിച്ചു.
മാര്‍ച്ച് 1 ാം തിയ്യതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫഌറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. മരണത്തിന് രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്.
മൂന്നു വര്‍ഷത്തോളമായി യുട്യൂബ് വ്ളോഗിംഗിള് ശ്രദ്ധേയായിരുന്നു റിഫ. റിഫ മെഹ്നൂസ് എന്ന പേരിലാണ് വ്ളോഗിംഗ് ചെയ്തിരുന്നത്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്കാരങ്ങള്‍, ട്രാവലിംഗ് എന്നിവയായിരുന്നു റിഫയുടെ വ്ളോഗില്‍ നിറഞ്ഞുനിന്നിരുന്നത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭര്‍ത്താവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
Story Highlight: Vlogger Rifa Mehnu S death family reaction