'തെറ്റു പറ്റി'; തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി
തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
29 Nov 2022 4:13 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാന് നേരെ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി. സമരസമിതി നേതാവ് ഫാദര്‍ മൈക്കിള്‍ തോമസാണ് ഖേദപ്രകടനം നടത്തിയത്. അബ്ദുറഹ്മാനെ തീവ്രവാദിയെന്ന് വിളിച്ച ഡിക്രൂസിന്റെ പരാമര്‍ശം തെറ്റാണെന്ന് മൈക്കിള്‍ തോമസ് മീഡിയാ വണ്‍ ചര്‍ച്ചയില്‍ സമ്മതിക്കുകയായിരുന്നു.
''പദപ്രയോഗങ്ങള്‍ സൂക്ഷിക്കണമെന്ന് വിശ്വസിക്കുന്നു. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കാനും ഖേദം പ്രകടിപ്പിക്കാനും ഞങ്ങള്‍ മടി കാണിക്കില്ല. ഉദേശിച്ച രീതിയില്‍ അല്ല പരാമര്‍ശം വ്യാഖ്യാനിക്കപ്പെട്ടത്. പൊതുസമൂഹം മുമ്പാകെ തെറ്റിദ്ധാരണ പരത്തിയതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. സമരസമിതിക്ക് വേണ്ടിയാണ് ഞാനിത് പറയുന്നത്.''-മൈക്കിള്‍ തോമസ് പറഞ്ഞു.
അബ്ദുറഹ്മാന്റെ പേരില്‍ തന്നെയൊരു തീവ്രവാദിയുണ്ടെന്നാണ് ഡിക്രൂസ് മാധ്യമങ്ങളോട് പറഞ്ഞത്. ''അബ്ദുറഹ്മാന്റെ പേരില്‍ തന്നെയൊരു തീവ്രവാദിയുണ്ട്. അബ്ദുറഹ്മാന് യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളുകളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. പക്ഷെ വിടുവായനായ അബ്ദുറഹ്മാന് അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തില്‍ നിന്ന് മനസിലാകും. അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ നിഷ്കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹ്മാനെ പോലുള്ള ഏഴാം കൂലികള്‍ ഇവിടെ ഭരണം നടത്തില്ലായിരുന്നു.''തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.
തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അബ്ദുറഹ്മാന് എന്ന പേരില്‍ എന്താണ് തീവ്രവാദമെന്നത് തിയോഡോഷ്യസ് ഡിക്രൂസ് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. മുസ്ലീം വിരുദ്ധമായ പ്രതികരണമാണ് വിഴിഞ്ഞത്ത് കലാപത്തിന് ശ്രമിച്ചവര്‍ നടത്തിയത്. അരക്ഷിതാവസ്ഥ നേരിടുന്ന ഒരു സമുദായത്തെ കൂടുതല്‍ അധിക്ഷേപിക്കുന്ന നിലപാടുകള്‍ മതപുരോഹിതര്‍ സ്വീകരിക്കുന്നത് അപലപനീയമാണ്. അബ്ദുറഹ്മാനെതിരായ പരാമര്‍ശം പിന്‍വലിച്ച് തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.