Top

കൊവിഡ് തകർത്ത തീരദേശമേഖലയെ ലക്ഷ്യംവെച്ച് അവയവ മാഫിയ; വൃക്കയ്ക്ക് വില എട്ടുലക്ഷം, 50,000 കമ്മീഷന്‍

തിരുവനന്തപുരം വിഴിഞ്ഞത്ത് വൃക്ക കച്ചവടത്തിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തോടെയാണ് വിവരം പുറത്തുവരുന്നത്.

26 Nov 2021 12:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് തകർത്ത തീരദേശമേഖലയെ ലക്ഷ്യംവെച്ച് അവയവ മാഫിയ; വൃക്കയ്ക്ക് വില എട്ടുലക്ഷം, 50,000 കമ്മീഷന്‍
X

കൊവിഡ് സാമ്പത്തികമായി തകര്‍ത്ത തീരദേശ മേഖലയെ ലക്ഷ്യംവെച്ച് അവയവ മാഫിയ സജീവമാകുന്നു. തിരുവനന്തപുരം വിഴിഞ്ഞത്ത് വൃക്ക കച്ചവടത്തിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തോടെയാണ് വിവരം പുറത്തുവരുന്നത്. വൃക്ക കച്ചവടത്തിന് വിസമ്മതിച്ച തന്നെ മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയിലാണ് കോട്ടപ്പുറം സ്വദേശി സാജനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്ത് വിഴിഞ്ഞം മേഖലയില്‍ അവയവ മാഫിയ വേരുറപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സാജനെ പോലെ കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടമായ കുടുംബങ്ങളെയാണ് മാഫിയ ലക്ഷ്യമിടുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ ഏജന്റുമാരാണ് ഇടനിലക്കാര്‍. എട്ട് ലക്ഷം വരെയാണ് വൃക്കയ്ക്ക് ഇവര്‍ വില ഇടുന്നത്. 50000 രൂപ ഏജന്റുമാര്‍ക്ക് കമ്മീഷന്‍ നല്‍കണം. കൊവിഡ് പ്രതിസന്ധിയില്‍ കഴിയുന്ന നിരവധി പേര്‍ വൃക്ക വില്‍പ്പന നടത്തിയതായാണ് വിവരം. സംഭവത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നായിരുന്നു സാജനും ഭാര്യയും ചേർന്ന് വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി എറണാകുളത്തെ ആശുപത്രിയില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും വിവരം പുറത്തറിഞ്ഞതോടെ വില്പന നടന്നില്ല. പിന്നീട് വീട്ടുവാടക നല്‍കാത്തതിനെ തുടര്‍ന്ന് ഇന്ന് വീട്ടുടമ ഇറക്കിവിട്ടതിന് പിന്നാലെ അവയവ വില്‍പ്പന നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞ് സാജന്‍ ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു.



Next Story

Popular Stories