Top

'സമൂഹത്തില്‍ ഇത് വലിയ മാറ്റത്തിന് കാരണമാകണം'; ഈ വിധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിവാകണമെന്ന് ഗതാഗതമന്ത്രി

" മുഖ്യമന്ത്രിയുടെ പിന്തുണയാണ് പിരിച്ചു വിടാനുള്ള ആത്മ വിശ്വാസം നല്‍കിയത്. ജീവപര്യന്തം തടവുശിക്ഷ എങ്കിലും നല്‍കുമെന്നാണ് പ്രതീക്ഷ"

23 May 2022 6:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമൂഹത്തില്‍ ഇത് വലിയ മാറ്റത്തിന് കാരണമാകണം; ഈ വിധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിവാകണമെന്ന് ഗതാഗതമന്ത്രി
X

തിരുവനന്തപുരം: വിസ്മയ കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചതില്‍ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കിരണിനെ പിരിച്ചു വിട്ട മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം ശരിയാണ് എന്ന് തെളിഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് അറിഞ്ഞാല്‍ പോലും പിരിച്ചുവിടാം. ഡിപ്പാര്‍ട്‌മെന്റ് തലത്തില്‍ കുറ്റം തെളിഞ്ഞാല്‍ പോലും നടപടി സ്വീകരിക്കാമെന്നും ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞു.

'കിരണിന് ആദ്യമേ നല്‍കാന്‍ കഴിയുന്ന വലിയ ശിക്ഷ തന്നെ നല്‍കി. ഇക്കാര്യത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായി. കോടതി വിധി വരുന്നതിനു മുന്‍പ് എങ്ങനെ കുറ്റവാളി ആണെന്ന് എങ്ങനെ പറയാന്‍ സാധിക്കും. ഈ വിധിയിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു തിരിച്ചറിവ് ഉണ്ടാകണം. ഇത്തരത്തില്‍ ഒരു കാര്യം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാന്‍ ഉള്ള വകുപ്പുണ്ട് എന്ന് മനസിലാക്കണം,' ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.

കിരണിന് ഏറ്റവും കുറഞ്ഞ ജീവപര്യന്തം ശിക്ഷ എങ്കിലും നല്‍കണം എന്നാണ് പറയാനുള്ളത്. സമൂഹത്തില്‍ ഇത് വലിയ മാറ്റത്തിന് കാരണമാകണം. മുഖ്യമന്ത്രിയുടെ പിന്തുണയാണ് പിരിച്ചു വിടാനുള്ള ആത്മ വിശ്വാസം നല്‍കിയത്. ജീവപര്യന്തം തടവുശിക്ഷ എങ്കിലും നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

കിരണ്‍ കുമാറിനെതിരെ സ്ത്രീധനപീഡനം മൂലമുള്ള മരണം (304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (306) എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കിരണ്‍കുമാറിനെ കുറ്റക്കാരനെന്ന് വിധിച്ചത്. കേസില്‍ നാളെ വിധി പറയും. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. പ്രതീക്ഷ ശിക്ഷ ലഭിച്ചെന്ന് പിതാവ് പറഞ്ഞു. ഇനി ഒരു മകള്‍ക്കും എന്റെ മകള്‍ നേരിട്ട അവസ്ഥ ഉണ്ടാകരുതെന്ന് വിസ്മയയുടെ അമ്മ പ്രതികരിച്ചു. കിരണിന്റെ ബന്ധുക്കളാരും കോടതിയിലെത്തിയില്ല.

Story Highlights: vismaya case verdict should make a big difference in society says transport minister antony raju

Next Story