Top

'എന്റെ മകൾ ഈ കാറിലുണ്ട്'; മുൻ സീറ്റ് ഒഴിച്ചിട്ട് വിസ്മയയുടെ അച്ഛൻ വിധി കേൾക്കാൻ കോടതിയിലേക്ക്

24 May 2022 4:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്റെ മകൾ ഈ കാറിലുണ്ട്; മുൻ സീറ്റ് ഒഴിച്ചിട്ട് വിസ്മയയുടെ അച്ഛൻ വിധി കേൾക്കാൻ കോടതിയിലേക്ക്
X

കൊല്ലം: വിസ്മയ കേസിൽ വിധി കേൾക്കാൻ പിതാവ് തിവിക്രമൻ നായർ കോടതിയിലേക്ക് പോയത് വിസ്മയ്ക്ക് സ്ത്രീധനമായി നൽകിയ കാറിൽ. കാറിന്റെ മുൻ സീറ്റ് ഒഴിച്ചിട്ടാണ് യാത്ര. മകൾ വിസ്മയയുടെ ആത്മാവ് ഈ കാറിലുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അതിനാലാണ് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നതെന്നും ത്രിവിക്രമൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. വിസ്മയയുമൊത്താണ് കാര്‍ വാങ്ങാന്‍ പോയതെന്നും അവള്‍ക്കേറെ ഇഷ്ടമുള്ള വണ്ടിയായിരുന്നെന്നും പിതാവ് ഓർത്തു.

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് 11 മണിയോടെ ശിക്ഷയില്‍ മേലുള്ള വാദം ആരംഭിക്കും. ഉച്ചയോടെ ശിക്ഷാ വിധി ഉണ്ടാവും. കിരണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി പ്രഖ്യാപിച്ചെങ്കിലും ശിക്ഷാ വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കിരണിനെതിരെ ചുമത്തിയവയില്‍ ഗുരുതര വകുപ്പുകളിലെല്ലാം ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സ്ത്രീധന പീഡനം മൂലമുള്ള മരണം 304 (ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (306) എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പത്ത് വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി വരുന്നത്. 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.

2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതി ഭാഗത്തിന് വേണ്ടി അഭിഭാഷകന്‍ പ്രതാപ ചന്ദ്രന്‍ പിള്ളയുമാണ് കോടതിയില്‍ ഹാജരായത്.

Story Highlight: Vismaya case verdict; father goes to court to hear verdict

Next Story