Top

'നിങ്ങളുടെ എച്ചിത്തരം, കാര്‍ കണ്ടപ്പോ ഞാന്‍ ഞെട്ടി, കല്യാണം വേണ്ടെന്ന് വെക്കുമായിരുന്നല്ലോ'; വിസ്മയയോട് കിരണ്‍, ശബ്ദരേഖ

23 May 2022 4:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിങ്ങളുടെ എച്ചിത്തരം, കാര്‍ കണ്ടപ്പോ ഞാന്‍ ഞെട്ടി, കല്യാണം വേണ്ടെന്ന് വെക്കുമായിരുന്നല്ലോ; വിസ്മയയോട് കിരണ്‍, ശബ്ദരേഖ
X

കൊല്ലം: ഭർതൃ​ഗൃഹത്തിൽ ആത്മഹത്യ ചെയ്ത വിസ്മയ ഭർത്താവ് കിരണിൽ നിന്നും സ്ത്രീധനമാവശ്യപ്പെട്ട് പീഡനം ഏറ്റിരുന്നതിന് കൂടുതൽ തെളിവുകൾ. തനിക്ക് സ്ത്രീധനമായി ലഭിച്ച കാർ പോരെന്ന് വിസ്മയോട് കിരൺ പറയുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നു. താൻ വോക്സ് വാ​ഗന്റെ വെന്റോ കാറാണ് ആവശ്യപ്പെട്ടതെന്നും എന്നിട്ടും എന്തിനാണ് ഈ കാർ വാങ്ങിയതെന്നുമാണ് കിരൺ വിസ്മയയോട് ചോദിക്കുന്നത്. കാർ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും ഇങ്ങനെയായിരുന്നെങ്കിൽ വിവാഹം വേണ്ടെന്ന് വെക്കുമായിരുന്നല്ലോ എന്നും കിരൺ പറയുന്നത് ശബ്ദ രേഖയിൽ കേൾക്കാം.

കിരണിന്റെ ശബ്ദരേഖ,

'സ്കോഡ റാപ്പിഡ് കണ്ടപ്പോ വിളിച്ചോ, വെന്റൊ കണ്ടപ്പോ വിളിച്ചോ. എനിക്കിഷ്ടം സിറ്റിയായിരുന്നു (ഹോണ്ട സിറ്റി). പക്ഷെ അതിന് വിലക്കൂടുതലാണെന്ന് ഞാനങ്ങോട്ട് പറഞ്ഞതാ. നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോ മനസ്സിലായി. വെന്റോ എടുത്ത് തരാൻ ഫിക്സ് ചെയ്ത് വെച്ചതല്ലേ. പിന്നെന്തിനാ രാത്രിക്ക് രാത്രി ഈ സാധനമെടുത്തത്. രാത്രി ഞാൻ വന്നപ്പോഴാ ഈ സാധനം കാണുന്നത്. അപ്പോഴേ എന്റെ കിളിയങ്ങ് പറന്നു പോയി. ഞാൻ കല്യാണം വേണ്ടെന്ന് വെക്കുമായിരുന്നല്ലോ. ബാത്ത് റൂം പണിയാനും ഷെഡ് അടിക്കാനും കാശുണ്ട്'.

വിസ്മയ കേസിൽ ഇന്നാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പറയുക. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി പറയുന്നത്. ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശാരീരിക, മാനസിക പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. കിരണിനെതിരെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഭീഷണിപ്പെടുത്തല്‍, പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി 41 സാക്ഷികളെയും തെളിവായി 118 രേഖകളും12 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതൽ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് കുറ്റപത്രത്തിലുണ്ട്. 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയുമുണ്ടായി.

Story Highlight: Vismaya case; Kiran Kumar audio blaming wife is out

Next Story