Top

'ഇനിയും സഹിക്കാനാവില്ല'; കിരൺ മർദ്ദിക്കുന്നെന്ന് വിസ്മയ കരഞ്ഞ് പറയുന്ന ശബ്ദരേഖ പുറത്ത്

22 May 2022 4:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനിയും സഹിക്കാനാവില്ല; കിരൺ മർദ്ദിക്കുന്നെന്ന് വിസ്മയ കരഞ്ഞ് പറയുന്ന ശബ്ദരേഖ പുറത്ത്
X

കൊല്ലം: വിസ്മയ കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. ഭർത്താവ് കിരൺ കുമാർ മർദ്ദിച്ചെന്ന് വിസ്മയ കരഞ്ഞ് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്. വിസ്മയ അച്ഛനോട് സംസാരിക്കുന്ന ശബ്ദ രേഖയാണിത്. കിരൺ കുമാറിന്റെ വീട്ടിൽ ഇനി നിൽക്കാനാവില്ലെന്നും എനിക്ക് സഹിക്കാനാവില്ലെന്നും വിസ്മയ കരഞ്ഞ് പറയുന്നത് ശബ്ദരേഖയിൽ‌ കേൾക്കാം.

തന്നെ ഇവിടെ നിർത്തി പോവുകയാണെങ്കിൽ ഇനി ആരും തന്നെ കാണില്ലെന്ന് വിസ്മയ അച്ഛനോട് പറയുന്നുണ്ട്. തനിക്ക് വീട്ടിലേക്ക് വരണമെന്ന് പറയുന്ന വിസ്മയയോട് ഇങ്ങോട്ട് വന്നോളൂ എന്ന് അച്ഛൻ പറയുന്നു. കിരൺ തന്നെ മർദ്ദിക്കുമെന്നും ഇറങ്ങിപ്പോകാൻ പറയുന്നെന്നും പറയുമ്പോൾ ഇതെല്ലാം ദേഷ്യത്തിൽ പറയുന്നതാണെന്നും എല്ലാവരും ഇങ്ങനെയാകാമെന്നും പറഞ്ഞ് അച്ഛൻ വിസ്മയെ സമാധാനിപ്പിക്കുന്നുണ്ട്.

നാളെയാണ് വിസ്മയ കേസിൽ വിധി പറയുന്നത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ജൂൺ 21 നാണ് വിസ്മയയെ ഭർതൃ​ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കിരൺ കുമാർ ചെയ്തെന്നാണ് പ്രോസിക്യൂഷൻ ആരോപണം.

Story Highlight: Vismaya audio clip about Kiran kumar out

Next Story