Top

'തലയെടുപ്പോടെ മെസ്സി'; രാജ്യാന്തര മാധ്യമങ്ങളില്‍ ഇടം പിടിച്ച് പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍

30 അടി ഉയരത്തിലുള്ള കൂറ്റന്‍ കട്ടൗട്ടാണ് പുഴയില്‍ സ്ഥാപിച്ചിരിക്കുന്നത്

1 Nov 2022 3:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തലയെടുപ്പോടെ മെസ്സി;  രാജ്യാന്തര മാധ്യമങ്ങളില്‍ ഇടം പിടിച്ച് പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍
X

കോഴിക്കോട്: ലോകകപ്പ് അടുത്ത് നില്‍ക്കെ രാജ്യാന്തര മാധ്യമങ്ങളില്‍ ഇടം പിടിച്ച് കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശം. കോഴിക്കോട് പുള്ളാവൂരില്‍ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് രാജ്യന്തര മാധ്യമങ്ങളില്‍ വാര്‍ത്തയായത്.

കൊടുവള്ളിക്ക് അടുത്തുള്ള പുള്ളാവൂരിലെ ചെറുപുഴയില്‍ അര്‍ജന്റീന ആരാധകര്‍ താരത്തിന്റെ കട്ടൗട്ട് സ്ഥാപിക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 30 അടി ഉയരത്തിലുള്ള കൂറ്റന്‍ കട്ടൗട്ടാണ് പുഴയില്‍ സ്ഥാപിച്ചിരിക്കുന്നത്. വെള്ളയും നീലയും നിറത്തിലുള്ള അര്‍ജന്റീന ജേഴ്‌സിയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മെസ്സിയെ എവിടെ നിന്നും കാണാനാകും.

പുള്ളാവൂരിലെ അര്‍ജന്റീന ഫാന്‍സ് അസോസിയേഷനാണ് കട്ടൗട്ടിന് പിന്നില്‍. ലോകകപ്പ് നേടാനായുള്ള 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാനാണ് മെസ്സിയും സംഘവും ഇത്തവണ ലോകകപ്പിനെത്തുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും അഞ്ചു തവണ കീരീടം സ്വന്തമാക്കിയ ബ്രസീലുമാണ് ലോകകപ്പിന്റെ ഫേവറിറ്റുകള്‍ എന്ന് മെസ്സി തന്നെ ഒരു മാധ്യമത്തിനോട് പറഞ്ഞിരുന്നു. നവംബര്‍ 20നാണ് ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കിക്കോഫ്. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം.

Story highlights: Viral Messi's cut out in Kozhikkode

Next Story