അതിഥി തൊഴിലാളികളുടെ ആക്രമം; 'ഉത്തരവാദിത്വം കിറ്റക്സ് കമ്പനിക്ക്'; മനേജ്മെന്റിനെതിരെ കേസ് എടുക്കണമെന്ന് എംഎല്‍എ
കമ്പനിയുടെ കീഴില്‍ തൊഴില്‍ ചെയ്യുന്ന അതിഥി തൊഴിലാളികള്‍കള്‍ക്കെതിരെ കിഴക്കമ്പലത്തെ നാട്ടുകാര്‍ മുമ്പും പരാതി ഉയര്‍ത്തിയിരുന്നു.
26 Dec 2021 6:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കിറ്റക്സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്. കിറ്റക്സ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കണമെന്നും കമ്പനിക്കെതിരെ കേസ് എടുക്കണമെന്നും ശ്രീനിജന് ആവശ്യപ്പെട്ടു.
കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ നടന്ന തര്‍ക്കമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. അവിടെയുളള അതിഥി തൊഴിലാളികള്‍ അഞ്ചു പേര്‍ക്ക് കഴിയാവുന്ന കൂരകളില്‍ പത്തും പതിനഞ്ചും പേരുമായി തിങ്ങി പാര്‍ക്കുകയാണ്. അവര്‍ക്കിടയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും എംഎല്‍എ വിമര്‍ശിച്ചു.
കമ്പനിയുടെ കീഴില്‍ തൊഴില്‍ ചെയ്യുന്ന അതിഥി തൊഴിലാളികള്‍കള്‍ക്കെതിരെ കിഴക്കമ്പലത്തെ നാട്ടുകാര്‍ മുമ്പും പരാതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്ഥലത്ത് പരിശോധനക്ക് എത്തിയപ്പോള്‍ തങ്ങളെ വേട്ടയാടുന്നുവെന്നാണ് കിറ്റക്സ് കമ്പനി അന്ന് ആരോപിച്ചത്. കേരളം വ്യവസായ സൗഹൃദമല്ലെന്ന് പ്രചരിപ്പിക്കാനും കമ്പനി ശ്രമിച്ചതായി എംഎല്‍എ പറഞ്ഞു.
അന്ന് പ്രശ്നങ്ങള്‍ കൃത്യമായി പരിഹരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ സംഭവം നടക്കില്ലായിരുന്നു. നാട്ടുകാര്‍ക്ക് സ്വസ്ഥമായി ജീവിക്കാനുളള സാഹചര്യമുണ്ടാക്കണമെന്നും എംഎല്‍എ ശ്രീനിജന് ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയാണ് ക്രിസ്മസ് കരോളിനിടെ തൊഴിലാളികള്‍ പരസ്പരം ഏറ്റുമുട്ടിയത്. ഇത് തടയാന്‍ വന്ന പൊലീസിനെ തൊഴിലാളികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയും രണ്ട് പൊലീസ് ജീപ്പ് അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.