സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; ജീവനക്കാരനെതിരെ കേസ്, തെളിവായി വീഡിയോ
മര്‍ദ്ദിക്കുന്നതിന്റെയും ലൈംഗിക അതിക്രമം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടും പൊലീസ് പ്രതിയെ പിടി കൂട്ടുന്നില്ലെന്ന് പരാതിക്കാരി ആരോപിക്കുന്നു.
27 Jan 2022 5:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: തിരുമ്മല്‍ കേന്ദ്രത്തില്‍ ജീവനക്കാരിയെ സഹപ്രവര്ത്തകന് മര്‍ദ്ദിച്ചെന്ന് പരാതി. സംഭവത്തില്‍ കലൂരിലെ ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരനായ അജിത് നാരായണനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് ജീവനക്കാരിയുടെ പരാതിയിന്മേല് കേസ് എടുത്തത്. പരാതിയെ സ്ഥിരീകരിക്കും വിധമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
അതേസമയം, മര്‍ദ്ദിക്കുന്നതിന്റെയും ലൈംഗിക അതിക്രമം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടും പൊലീസ് പ്രതിയെ പിടി കൂട്ടുന്നില്ലെന്ന് പരാതിക്കാരി ആരോപിക്കുന്നു. പുറത്തു വന്ന ദൃശ്യങ്ങളില്‍ അജിത് നാരായണന് പരാതിക്കാരിയുടെ മുഖത്തടിക്കുന്നത് വ്യക്തമാണ്. എന്നാല്‍ അജിത് മുഖത്തടിച്ചതു കൂടാതെ തന്നെ കയറി പിടിച്ചെന്നും പരാതിക്കാരി പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമായി കാണാമെന്നും,എന്നാല്‍ നിസ്സാര വകുപ്പുകള്‍ ചുമത്തി പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ മൊഴി.
വിഷയത്തില്‍ പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി പരാതിക്കാരി കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്കി. എന്നാല്‍ പ്രതിയായ അജിത് നാരായണന് നിലവില്‍ ഒളിവിലാണെന്നും അതിനാലാണ് അറസ്റ്റ് നടക്കാത്തതെന്നും നോര്‍ത്ത് പൊലീസ് പറയുന്നു. കേസിനെ തുടര്‍ന്ന് അജിത്തിനെ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നും പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചു.