Top

'എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല'; സത്യം വിജയിക്കുമെന്ന് വിജയ് ബാബു

കേസ് അന്വേഷണവുമായി നൂറ് ശതമാനം സഹകരിക്കുന്നുണ്ട്.

27 Jun 2022 1:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല; സത്യം വിജയിക്കുമെന്ന് വിജയ് ബാബു
X

എറണാകുളം: പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസിലെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി നടനും നിർമ്മാതാവുമായ വിജയ് ബാബു. നിശ്ശബ്ദതയാണ് എന്റെ ഏറ്റവും നല്ല മറുപടി. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വിജയ് ബാബു പറഞ്ഞു.

മാധ്യമങ്ങള്‍ എത്ര പ്രകോപിപ്പിച്ചാലും പ്രതികരിക്കാനില്ല. കേസ് അന്വേഷണവുമായി നൂറ് ശതമാനം സഹകരിക്കുന്നുണ്ട്. ഒടുവില്‍ സത്യം വിജയിക്കുമെന്നും വിജയ് ബാബു ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

എറണാകുളം സൗത്ത് പൊലീസാണ് വി‍ജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസെടുത്ത് രണ്ട് മാസം പിന്നിടുമ്പോഴാണ് അറസ്റ്റ്. മുന്‍കൂര്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു നടപടികള്‍. വിജയ് ബാബുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടും. നടിയുടെ മൊഴിയിൽ പരാമർശിക്കുന്ന ചില ഹോട്ടലുകളിലും ഇന്ന് തന്നെ വിജയ് ബാബുവുമായി പൊലീസ് തെളിവെടുപ്പ് നടത്തും.

ഇന്ന് മുതല്‍ ജൂലൈ 3 വരെയാണ് നടനെ ചോദ്യം ചെയ്യുക. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതി. നാട്ടില്‍ ഉണ്ടാകണമെന്നത് ഉള്‍പ്പെടെ ഉപാധികളോടെയാണ് ഈ മാസം 22 ന് വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ടി വന്നാല്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 26നാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസില്‍ പരാതിയും നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. നടിയെ പീഡിപ്പിച്ചു, ഇരയുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

STORY HIGHLIGHTS: Vijay Babu says Won't get provoked irrespective of whatever happens and the end truth will prevail

Next Story