Top

'ഞാന്‍ ഭരിച്ചപ്പോള്‍ മാത്രം ജനാധിപത്യമില്ലേ? മുമ്പും ഇങ്ങനെ തന്നെയായിരുന്നല്ലോ'; രോഷത്തില്‍ വെള്ളാപ്പള്ളി

24 Jan 2022 7:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാന്‍ ഭരിച്ചപ്പോള്‍ മാത്രം ജനാധിപത്യമില്ലേ? മുമ്പും ഇങ്ങനെ തന്നെയായിരുന്നല്ലോ; രോഷത്തില്‍ വെള്ളാപ്പള്ളി
X

എസ്എന്‍ഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാലങ്ങളായി പ്രാതിനിധ്യ വോട്ട് വ്യവസ്ഥയിലാണ് എസ്എൻഡിപി യോ​ഗം മുന്നോട്ട് പോയതെന്നും അതിൽ ജനാധിപത്യം ഇല്ലായ്മയില്ലെന്നും വെള്ളാപ്പള്ളി റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. കോടതി വിധി പഠിച്ച ശേഷം വിശദ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിനിധ്യ വേട്ടിലാണ് ഇതുവരെയും എസ്എന്‍ഡിപി മുന്നോട്ട് പോയത്. 25 കൊല്ലമായി ഞാന്‍ ഭരിക്കുന്നു. എന്നെ തെരഞ്ഞെടുത്തത് പ്രാതിനിധ്യ സ്വഭാവത്തിലാണ്. ഇത് എത്രയോ വര്‍ഷങ്ങളായി തുടരുന്നു. ഇപ്പോഴും ജനാധിപത്യ രീതിയില്‍ തന്നെയാണ് പോവുന്നത്. 25 കൊല്ലങ്ങള്‍ക്ക് മുമ്പ് ഭരിച്ച പലരുമുണ്ടല്ലോ. അന്ന് നൂറിലൊന്നായിരുന്നു വോട്ട് പ്രാതിനിധ്യം. അന്ന് ജനാധിപത്യം ഇല്ലായിരുന്നോ. ഞാന്‍ ഭരിച്ചപ്പോള്‍ മാത്രമാണോ ജനാധിപത്യം ഇല്ലാതെ പോയത്. നിങ്ങള്‍ ആവശ്യമില്ലാത്തതൊന്നും പറയണ്ട. ജനാധിപത്യവും ജനാധിപത്യ ഇല്ലായ്മയും ജനങ്ങള്‍ക്കറിയാം, വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതോടെ 200 അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നുള്ള എസ്എൻഡിപി യോ​ഗ വ്യവസ്ഥയാണ് ഇല്ലാതായത്. ഇനി എല്ലാ അംഗങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താനാവും. എസ്എന്‍ഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വര്‍ഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഇതോടെ ഭരണ സമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായി ചുരുങ്ങി. കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നല്‍കിയ പ്രത്യേക ഇളവിനൊപ്പം 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.

Next Story