Top

'കേരളത്തിലെ ആയുര്‍വേദ വിദഗ്ദരുടെ സേവനം ആവശ്യപ്പെട്ട് യു.കെ'; തൊഴിലവസരമൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ആയുര്‍വേദ ചികിത്സ, ഗവേഷണം എന്നിവയില്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നു മന്ത്രി.

20 Oct 2022 3:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലെ ആയുര്‍വേദ വിദഗ്ദരുടെ സേവനം ആവശ്യപ്പെട്ട് യു.കെ; തൊഴിലവസരമൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
X

ആയുര്‍വേദത്തിന്റെ പ്രാധാന്യം ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സാരംഗത്ത് കഴിവ് തെളിയിച്ചവര്‍ക്ക് വിദേശത്ത് തൊഴിലവസരമൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. യു.കെ സന്ദര്‍ശനത്തിനിടെ ആരോഗ്യമേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ആയുര്‍വേദ വിദഗ്ദരുടെ സേവനം ആവശ്യപ്പെട്ടത് മന്ത്രി ചൂണ്ടിക്കാട്ടി.

ആയുര്‍വേദ ചികിത്സ, ഗവേഷണം എന്നിവയില്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നു മന്ത്രി പറഞ്ഞു. ആയുര്‍വേദം ജീവിതചര്യയുടെ ഭാഗമാക്കുന്നതിനായി എല്ലാ ജില്ലകളിലും ആയുര്‍വേദ ചികിത്സ വ്യാപകമാക്കുന്നതിന് സംവിധാനമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ആയുര്‍വേദ കോളേജും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ആയുര്‍വേദ എക്‌സിബിഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആയുര്‍വേദത്തിന്റെ പ്രാധാന്യം എക്കാലവും നിലനില്‍ക്കുമെന്നും വിദേശികളടക്കം ചികിത്സയ്ക്കായി കേരളത്തിലെ ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്‍ എത്തുന്നത് ഇതിന്റെ തെളിവാണെന്നും ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി ആന്റണി രാജു പറഞ്ഞു.

ആയുര്‍വേദവുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളും ഉള്‍ക്കൊള്ളുന്നതാണു മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം. 'അമൃതം 2022' എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പുറമെ ഔഷധ സസ്യ വിതരണം, രോഗനിര്‍ണയ ക്യാമ്പുകള്‍, പൊതുജനാരോഗ്യ ബോധവതക്കരണ ക്യാമ്പുകള്‍, സ്‌കൂള്‍ കോളേജ്തല ആരോഗ്യ പരിപാടികള്‍ തുടങ്ങിയവയും ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. 2016 മുതലാണ് ധന്വന്തരീ ജയന്തി ആയുര്‍വേദ ദിനമായി ആചാരിക്കാന്‍ തുടങ്ങിയത്.

Next Story