ആശുപത്രിയില്‍ വെറുതെ പ്ലാസ്റ്ററിട്ട് നല്‍കുമോയെന്ന് സതീശന്‍; 'രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടപ്പോള്‍ ഞങ്ങളും ഉണ്ടായിരുന്നു'
'കെ കെ രമയ്ക്ക് ചുറ്റും സംരക്ഷണ വലയം തീര്‍ക്കും'
18 March 2023 9:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: കെ കെ രമ എംഎൽഎക്കെതിരായ സച്ചിൻദേവ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ന്യായീകരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ കെ രമയെ അധിക്ഷേപിക്കുകയാണ് സിപിഐഎം ചെയ്യുന്നത്. ടി പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയിട്ടും സിപിഐഎമ്മിന് കലിയടങ്ങിയിട്ടില്ല. വിധവയായ സ്ത്രീയെ അപമാനിക്കുന്നത് കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്നത് മറക്കേണ്ട. സര്‍ക്കാര്‍ ആശുപത്രിയില്‍ വെറുതെ പ്ലാസ്റ്ററിട്ട് നല്‍കുമോയെന്നും അദ്ദേഹം ചോദിച്ചു. കെ കെ രമയ്ക്ക് ചുറ്റും സംരക്ഷണ വലയം തീര്‍ക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സോഷ്യൽ മീഡിയയിൽ എംഎൽഎക്കെതിരെയാണ് ആക്ഷേപം നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു. കെ കെ രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടപ്പോൾ ഞങ്ങളും ഉണ്ടായിരുന്നു അവിടെ. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സ്വാധീനിച്ചല്ല പ്ലാസ്റ്ററിട്ടത്. സർക്കാർ ആശുപത്രിയിൽ നിന്നാണ് പ്ലാസ്റ്ററിട്ടത്. ഒന്നും പറ്റാത്തവർക്ക് പ്ലാസ്റ്റർ ഇട്ടുകൊടുക്കുന്ന സ്ഥലമാണോ തിരുവനന്തപുരം ജനറൽ ആശുപത്രി. എങ്കിൽ അതിന് ഉത്തരം പറയേണ്ടത് ആരോഗ്യമന്ത്രിയാണെന്നും വി ഡി സതീശൻ പറഞ്ഞു.
നിയമസഭ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു. പ്രശ്‌നം നീട്ടിക്കൊണ്ടു പോകാനല്ല പ്രതിപക്ഷം ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും സതീശന്‍ പറഞ്ഞു. പരാതിക്കാരായ എംഎല്‍എമാര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇത് പിന്‍വലിക്കണമെന്നും ഇവിടെ വാദി പ്രതിയാവുന്ന സാഹചര്യമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ ചേരണമെന്ന് തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എങ്കില്‍ മാത്രമേ സര്‍ക്കാരിനെ ജനകീയ വിചാരണയ്ക്ക് വിധേയമാക്കാന്‍ സാധിക്കുകയുള്ളുവെന്നും സതീശന്‍ വ്യക്തമാക്കി.
STORY HIGHLIGHTS: VD Satheesan on KK Rema issue