Top

ടൈറ്റാനിയത്തിലെ ഐഎന്‍ടിയുസി പ്രസിഡന്റ് വിഡി സതീശന്‍; വിവാദങ്ങള്‍ക്കിടെ 'മഹനീയ സാന്നിധ്യം' നോട്ടീസ്

തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയതിന് പിന്നാലെയാണ് നോട്ടീസും സോഷ്യല്‍മീഡിയയില്‍ വൈറലായത്.

1 April 2022 9:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടൈറ്റാനിയത്തിലെ ഐഎന്‍ടിയുസി പ്രസിഡന്റ് വിഡി സതീശന്‍; വിവാദങ്ങള്‍ക്കിടെ മഹനീയ സാന്നിധ്യം നോട്ടീസ്
X

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പരാമര്‍ശത്തിനിടെ ടൈറ്റാനിയത്തിലെ തൊഴിലാളികളുടെ സംഘടനാ പ്രസിഡന്റ് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് വ്യക്തമാക്കുന്ന നോട്ടീസ് സോഷ്യല്‍മീഡിയയില്‍. ടൈറ്റാനിയം കോംപ്ലക്‌സ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) പ്രസിഡന്റാണ് സതീശന്‍. കമ്പനിയില്‍ നടന്ന ഒരു പരിപാടിയുടെ നോട്ടീസിലാണ് 'മഹനീയ സാന്നിധ്യം ശ്രീ. വി.ഡി സതീശന്‍. (ബഹു. പ്രതിപക്ഷ നേതാവ് പ്രസിഡന്റ് ടിസിഇസി-ഐഎന്‍ടിയുസി)' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.


ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന സതീശന്റെ പരാമര്‍ശത്തിനെതിരെ തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയതിന് പിന്നാലെയാണ് നോട്ടീസും സോഷ്യല്‍മീഡിയയില്‍ വൈറലായത്.

സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി നേതാക്കളുടെ ആവശ്യം. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം പി പി തോമസിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി മാര്‍ക്കറ്റിലെ ഐഎന്‍ടിയുസി തൊഴിലാളികളാണ് പ്രതിഷേധപ്രകടനം നടത്തിയത്.

അതേസമയം, പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ തള്ളി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ രംഗത്തെത്തി. ചങ്ങനാശേരിയിലെ ഐഎന്‍ടിയുസി തൊഴിലാളികളുടെ പ്രകടനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ചന്ദ്രശേഖരന്‍ പറഞ്ഞത്. ഐഎന്‍ടിയുസി എന്നും കോണ്‍ഗ്രസിനൊപ്പമാണ്. സംസ്ഥാനത്തെ ഒരു ഐഎന്‍ടിയുസി പ്രവര്‍ത്തകനും ഇത്തരത്തിലുള്ള പരസ്യ പ്രകടനത്തിനും പരസ്യ വിവാദങ്ങള്‍ക്കും പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസിലേക്ക് തൊഴിലാളി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിനെക്കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു സതീശന്‍ ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞത്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല, മറിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നായിരുന്നു സതീശന്റെ പരാമര്‍ശം.

Next Story