Top

'ഹിന്ദുജ ഗ്രൂപ്പിന്റെ ആസ്ഥാനം മുംബൈ ആണ്'; അവരുമായി ലണ്ടനില്‍ പോയി ചര്‍ച്ചയെന്തിനെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി ചൊവ്വാഴ്ച നടത്തിയത് തട്ടിക്കൂട് വാർത്താ സമ്മേളനമാണെന്നും അദ്ദേഹം വിമർശിച്ചു

19 Oct 2022 8:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിന്ദുജ ഗ്രൂപ്പിന്റെ ആസ്ഥാനം മുംബൈ ആണ്; അവരുമായി ലണ്ടനില്‍ പോയി ചര്‍ച്ചയെന്തിനെന്ന് പ്രതിപക്ഷ നേതാവ്
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്രയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിന് മുൻപ് നടത്തിയ വിദേശ യാത്രയിലൊന്നും ഒരു ഗുണവും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് നിക്ഷേപം നടത്തുമെന്ന് പറഞ്ഞ ഹിന്ദുജ ഗ്രൂപ്പിന്റെ ആസ്ഥാനം മുംബൈ ആണ്. അവരുമായി ലണ്ടനിൽ പോയി ചര്‍ച്ചയെന്തിനെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി ചൊവ്വാഴ്ച നടത്തിയത് തട്ടിക്കൂട് വാർത്താ സമ്മേളനമാണെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിലെ നെൽ കർഷകരെ കണീരിലാഴ്ത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. കർഷകരുടെ നെല്ലുകൾ പാടത്ത് കിടക്കുകയാണ്, തേങ്ങാ സംഭരണവും പാളി, നാളികേര കർഷകരും കണ്ണീരിലാണെന്നും വിഡി സതീശൻ പറഞ്ഞു. അരിവില 11രൂപ കൂടി. കാർഷിക മേഖല മുഴുവൻ കണ്ണീരും കഷ്ടപാടുമാണ്. കർഷകരുടെ കാര്യത്തിൽ സർക്കാർ ഇടപെട്ടില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

സർക്കാർ പ്രവർത്തിക്കുന്നുണ്ടോ എന്ന് പോലും സംശയമാണെന്നും അദ്ദേ​ഹം പറഞ്ഞു. യൂറോപ്പിൽ പോയി കാറും ബസും പോകുന്ന വഴിയാണ് മന്ത്രിമാർ കണ്ടെത്തിയത്. ദയാ ബായിയുടെ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും വിഡി സതീശൻ വ്യക്തമാക്കി.

കേരളാ സർവകലാശാലയിലെ 15 സെനറ്റ് അം​ഗങ്ങളെ പിൻവലിക്കാൻ നിർദേശിച്ച ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിലും പ്രതിപക്ഷ നേതാവ് പ്രതികരണമറിയിച്ചു. സെനറ്റിൽ നിന്നും 11 പേരെ പിൻവലിക്കാനുള അധികാരം ഗവർണർക്കുണ്ട്. എന്നാൽ നാല് പേരെ പിൻവലിക്കാൻ ഗവർണർക്ക് പറ്റില്ല. മറ്റ് വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സർക്കാർ-ഗവർണർ പോര് എന്നും വിഡി സതീശൻ വിമർശിച്ചു.

STORY HIGHLIGHTS: vd satheesan criticizing europe visit of cm

Next Story