Top

'എംഎം മണി കെ കെ രമയെ അധിക്ഷേപിച്ചപ്പോള്‍ മുഖ്യമന്ത്രി കുട പിടിച്ചു'; വേട്ടയാടി മതിയായില്ലെന്ന് വി ഡി സതീശന്‍

ഞങ്ങള്‍ക്കൊരിക്കലും സഹിക്കാന്‍ പറ്റാത്ത, വേദനാജനകമായ പ്രതിഷേധാര്‍ഹമായ പരാമര്‍ശമാണ് മുന്‍ മന്ത്രി കൂടിയായ എംഎം മണി ഇന്ന് നിയമസഭയില്‍ നടത്തിയത്.

14 July 2022 2:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംഎം മണി കെ കെ രമയെ അധിക്ഷേപിച്ചപ്പോള്‍ മുഖ്യമന്ത്രി കുട പിടിച്ചു; വേട്ടയാടി മതിയായില്ലെന്ന് വി ഡി സതീശന്‍
X

തിരുവനന്തപുരം: കെകെ രമ എംഎല്‍എക്കെതിരെ നിയമസഭയില്‍ എംഎം മണി എംഎല്‍എ നടത്തിയ പരാമര്‍ശം ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

അക്കാരണത്താലാണ് പരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി മണിയോട് ആവശ്യപ്പെടാതിരുന്നത്. പരാമര്‍ശം പിന്‍വലിക്കില്ലെന്ന മണിയുടെ ധിക്കാര നടപടിക്ക് മുഖ്യമന്ത്രി കുടപിടിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു. അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സഭ വിട്ട പ്രതിപക്ഷാംഗങ്ങള്‍ നിയമസഭാ കവാടത്തില്‍ മാധ്യമങ്ങളെ കാണവെയാണ് വി ഡി സതീശന്റെ പ്രതികരണം.

എളമരം കരീമിന്റെ അധിക്ഷേപ പരാമര്‍ശത്തിന്റെ തുടര്‍ച്ചയാണിത്. സഭയില്‍ ലഭിക്കുന്ന പരിമിതമായ സമയത്തിനുള്ളില്‍ കെകെ രമ സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ ടിപി ചന്ദ്രശേഖരന്‍ ജീവിച്ചിരുന്നപ്പോള്‍ സംസാരിക്കുന്നത് പോലെ മുഖ്യമന്ത്രിക്കും സിപിഐഎം നേതാക്കന്മാര്‍ക്കും തോന്നിയത് കൊണ്ടാണ് വേട്ടയാടുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

വി ഡി സതീശന്റെ പ്രതികരണം-

ഞങ്ങള്‍ക്കൊരിക്കലും സഹിക്കാന്‍ പറ്റാത്ത, വേദനാജനകമായ പ്രതിഷേധാര്‍ഹമായ പരാമര്‍ശമാണ് മുന്‍ മന്ത്രി കൂടിയായ എംഎം മണി ഇന്ന് നിയമസഭയില്‍ നടത്തിയത്. ആഭ്യന്തര വകുപ്പിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുകയും 'ഇവിടെയൊരു മഹതി സര്‍ക്കാരിനെതിരായി പ്രസംഗിച്ചു, അവര്‍ വിധവയായി പോയി, അത് അവരുടെ വിധി' എന്നുള്ള ക്രൂര പരാമര്‍ശമാണ് എംഎം മണി നടത്തിയത്. ആ പരാമര്‍ശം പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടു. ഞങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. എന്നാല്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ട്, മുഖ്യമന്ത്രി എംഎം മണിയോട് ആ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്ന് മാത്രമല്ല, താന്‍ ഒരിക്കലും പിന്‍വലിക്കില്ലെന്ന ധിക്കാരപരമായ നിലപാട് എംഎം മണിയെടുത്തപ്പോള്‍ മുഖ്യമന്ത്രി അതിന് കുടപിടിച്ചു.

അതിലേറെ വേദനിപ്പിച്ചത് ഈ പരാമര്‍ശം രേഖയില്‍ നിന്നും നീക്കം ചെയ്യാന്‍ പോലും സ്പീക്കര്‍ തയ്യാറായില്ല. കഴിഞ്ഞ കുറേ നാളുകളായി കെകെ രമയെ വേട്ടയാടുകയാണ്. 51 വെട്ടുവെട്ടി ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും ചോര കുടിച്ചിട്ടും മതിയാവാത്ത കൊലയാളികള്‍ അദ്ദേഹത്തിന്റെ വിധവയായ രമയേയും വേട്ടയാടുകയാണ്.

കഴിഞ്ഞ ദിവസം സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി നേതാവ് കെകെ രമയെ അധിക്ഷേപിച്ച് സംസാരിച്ചു. അതിന്റെ തുടര്‍ച്ചയാണിത്. ഇത് സിപിഐഎമ്മിന്റെ അനുമതിയോടെ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ഗൂഢാലോചന നടത്തി ആസൂത്രിതമായി നടത്തിയ പരാമര്‍ശമാണ്.

അവര്‍ നിരന്തരം അവര്‍ക്ക് കിട്ടുന്ന പരിമിതമായ സമയത്തിനുള്ളില്‍ നിന്നുകൊണ്ട് സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ ടിപി ചന്ദ്രശേഖരന്‍ ജീവിച്ചിരുന്നപ്പോള്‍ സംസാരിക്കുന്നത് പോലെ മുഖ്യമന്ത്രിക്കും സിപിഐഎം നേതാക്കന്മാര്‍ക്കും തോന്നിയത് കൊണ്ടാണ് വേട്ടയാടുന്നത്. ഇതൊരു സ്ത്രീ വിരുദ്ധ പരാമര്‍ശമാണ്. നിരന്തരം സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണ് എംഎം മണി.

Next Story